ദില്ലി: രാഹുൽ ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യ സഖ്യം ഇക്കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണെന്നും എം എ ബേബി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണ. പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. പ്രതിപക്ഷ നേതാവായതിനാലാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതെങ്കിൽ, മല്ലികാർജുൻ ഖർഗെയ്ക്കും അതേ സ്ഥാനമുണ്ടെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലിയുള്ള ചർച്ച പ്രധാനമായും തമിഴ്നാട്ടിലാണ് ഉയർന്നത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ടിവികെ നേതാക്കളുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രൂക്ഷമായ മുന്നറിയിപ്പുമായി രംഗത്തെത്തി.
ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ ആവശ്യപ്പെട്ടു. ടിവികെ ഇതിന് തയ്യാറായില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിലെ രണ്ട് കോൺഗ്രസ് മന്ത്രിമാരും രാജിവെച്ച് പുറത്തുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാഹുൽ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് ആവർത്തിച്ച് തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് മണിക്കം ടാഗോറും രംഗത്തെത്തി. ഇതോടെയാണ് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി മുഖം സംബന്ധിച്ച ചർച്ച കൂടുതൽ സജീവമായത്.
