തിരുവനന്തപുരം: പാർട്ടി ചർച്ചകളിലെ വിവരങ്ങൾ പുറത്തേക്ക് ചോരുന്നത് തടയാൻ അസാധാരണ നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് അപേക്ഷാ ഫോമിന്റെ മാതൃക നൽകിയിരുന്നു. ഇതിൽ എതിർപ്പ് ഉന്നയിക്കാതെ എല്ലാവരും ഒപ്പിട്ട് നൽകുകയും ചെയ്തു.
ഫോൺകോൾ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഫോൺ കമ്പനികളോട് സ്വയം ആവശ്യപ്പെടുന്ന രീതിയിലാണ് സമ്മതപത്രം തയ്യാറാക്കിയിരിക്കുന്നത്. പാർട്ടി ചർച്ചകളിലെ വിവരങ്ങൾ പുറത്തേക്ക് പോയാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഴ്ചകൾക്ക് മുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടിയുണ്ടായത്. അതേസമയം, ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടിയിൽ ഒരു വിഭാഗം നേതാക്കൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. വിഷയം കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനും ഇവർ നീക്കം ആരംഭിച്ചിട്ടുണ്ട്.
