തിരുവനന്തപുരം: കൊടുംചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. ഇന്നലെ രാത്രിയിൽ പല മേഖലകളിലും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യം തുടരുന്നതിനാൽ ഇന്നും നിയന്ത്രണം ഉണ്ടായേക്കും.
മഴയില്ലാത്തതിനാൽ സംസ്ഥാനത്ത് ചൂട് കനത്തതോടെ കണക്കുകൂട്ടിയതിനേക്കാൾ വൈദ്യുതി ആവശ്യകത ഉയർന്നു. ഇതിനൊപ്പം ഉത്തരേന്ത്യയിലെ കൽക്കരി ക്ഷാമം മൂലം വൈദ്യുതോൽപാദനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. പീക്ക് സമയത്തേക്ക് കെഎസ്ഇബിക്ക് ഉറപ്പിച്ച ഹ്രസ്വകാല വൈദ്യുതി കരാറില്ലാത്തതും തിരിച്ചടിയായി.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്. 4999 മെഗാവാട്ടായിരുന്നു ആവശ്യം. ആകെ ഉപയോഗം 93.74 ദശലക്ഷം യൂണിറ്റായി. ഇതിൽ ജലവൈദ്യുതിയിൽ നിന്ന് ലഭിച്ചത് 24 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ഏകദേശം 67 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് എത്തിച്ചത്. ഇതിൽ കൂടുതൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കൽക്കരി ക്ഷാമത്തെ തുടർന്ന് കേന്ദ്രവിഹിതവും കുറഞ്ഞു. കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചപ്പോൾ ഇന്നലെ ലഭിച്ചത് 37 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽനിന്നും ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. ലഭ്യമായ വൈദ്യുതിക്ക് ഉയർന്ന വില നൽകേണ്ട സാഹചര്യവുമുണ്ട്.
മുൻ ദിവസങ്ങളിൽ മധ്യപ്രദേശിൽനിന്ന് കടമായി ലഭിച്ചിരുന്ന വൈദ്യുതിയും ഇന്നലെ ലഭിച്ചില്ല. പീക്ക് സമയത്തെ വൈദ്യുതി ആവശ്യത്തിനായി നടത്തിയ ടെൻഡറിനോട് കമ്പനികൾ പ്രതികരിച്ചില്ല. ഭരണപരമായ മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃത്യമായ ആസൂത്രണം സമയബന്ധിതമായി നടത്താനായില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വൈദ്യുതി ആവശ്യകത വർധിക്കുന്നതിനനുസരിച്ച് പുതിയ ദീർഘകാല കരാറുകൾ ഇല്ലാത്തതും പ്രതിസന്ധി കടുപ്പിച്ചു. രാത്രികാലങ്ങളിലെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് ഉൾപ്പെടെ നിയന്ത്രണമില്ലാത്ത വൈദ്യുതി ഉപയോഗമാണ് നിലവിലെ സാഹചര്യത്തിൽ പ്രശ്നമാകുന്നതെന്ന് കെഎസ്ഇബി വിമർശിക്കുന്നു.
വൈദ്യുതി ആവശ്യകത കുതിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ ഇന്നലെ രാത്രി പലതവണ വൈദ്യുതി മുടങ്ങി. സ്ഥിതി തുടർന്നാൽ നിയന്ത്രണവും തുടരേണ്ടിവരുമെന്ന ആശങ്കയിലാണ് സംസ്ഥാനം.
