Home Keralaസാമ്പത്തിക കുറ്റകേസ്: മാണി സി കാപ്പനെ അയോഗ്യനാക്കണം; സ്പീക്കർക്ക് പരാതി നൽകി ദിനേശ് മേനോൻ

സാമ്പത്തിക കുറ്റകേസ്: മാണി സി കാപ്പനെ അയോഗ്യനാക്കണം; സ്പീക്കർക്ക് പരാതി നൽകി ദിനേശ് മേനോൻ

by news_desk1
0 comments

പാലാ എംഎൽഎ മാണി സി കാപ്പന്റെ നിയമസഭാംഗത്വം ചോദ്യം ചെയ്ത് സ്പീക്കർക്ക് പരാതി. സാമ്പത്തിക കുറ്റകേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാണ് മുംബൈ മലയാളിയായ ദിനേശ് മേനോന്റെ ആവശ്യം. അയോഗ്യത ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക കുറ്റകൃത്യത്തിൽ മാണി സി കാപ്പൻ കുറ്റക്കാരനാണെന്ന് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. നാല് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും കോടതി വിധിച്ചു. രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത വരുമെന്നാണ് പരാതിക്കാരന്റെ വാദം. കാപ്പൻ ശിക്ഷിക്കപ്പെട്ട കേസിലെ പരാതിക്കാരൻ കൂടിയാണ് ദിനേശ് മേനോൻ.

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയുൾപ്പെടെ നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി കാപ്പന് ഒരുവർഷം വീതം തടവുശിക്ഷ വിധിച്ചത്. മൂന്നുകോടിയിലധികം രൂപ കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്.

വിധി പ്രസ്താവിച്ച സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് മാണി സി കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറണ്ട് കോടതി പിന്‍വലിച്ചത് കാപ്പന് ആശ്വാസമായി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നായിരുന്നു നടപടി.

അതേസമയം, ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് മാണി സി കാപ്പൻ.

You may also like