പി.എസ്.സിയുടെ വിശ്വാസ്യത തകരുമ്പോൾ തകരുന്നത് കേരളത്തിലെ യുവതയുടെ പ്രതീക്ഷയാണ്
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും വ്യത്യാസങ്ങൾക്കപ്പുറം കേരളത്തിലെ ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ ജീവിതവും സ്വപ്നവും പ്രതീക്ഷയും പ്രത്യാശയുമാണ് പി.എസ്.സി. സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് അവർ എത്തുന്നത് കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ പി.എസ്.സി. പരീക്ഷാ സംവിധാനത്തിലെ ഒരു ചെറിയ സംശയം പോലും വലിയ സാമൂഹിക പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാന ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വിവാദം ഈ വിശ്വാസത്തിന്റെ അടിത്തറയെയാണ് ചോദ്യം ചെയ്യുന്നത്. 2023ൽ നടന്ന ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ പത്തോളം ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്താതിരുന്നതായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവമുള്ളതാണ്. ഇതിലൂടെ ഒരു ഉദ്യോഗാർഥിക്ക് അന്യായമായി 54 മാർക്ക് അധികമായി ലഭിക്കുകയും മറ്റുള്ളവർക്ക് 50 മാർക്ക് വരെ നഷ്ടമാകുകയും ചെയ്തുവെന്ന കണ്ടെത്തൽ ശരിയാണെങ്കിൽ, അതിനെ കേവലം സാങ്കേതിക പിഴവായി വിശേഷിപ്പിച്ച് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളിൽ ഒരേ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അത് പിഴവാണോ, അശ്രദ്ധയാണോ, അതോ ആസൂത്രിത ഇടപെടലാണോ? ഈ ചോദ്യത്തിന് സത്യസന്ധവും സുതാര്യവുമായ ഉത്തരം കേരളത്തിന് ലഭിക്കണം. ഗൂഢാലോചന നടന്നുവെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നുണ്ടെങ്കിൽ, അതിന്റെ എല്ലാ കണ്ണികളും പുറത്തുകൊണ്ടുവരിക തന്നെ വേണം. ഇവിടെ നഷ്ടപ്പെടുന്നത് ഏതാനും ഉദ്യോഗാർഥികളുടെ മാർക്ക് മാത്രമല്ല. നഷ്ടപ്പെടുന്നത് മെറിറ്റിലുള്ള വിശ്വാസമാണ്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള നിർണായക തസ്തികയിൽ അർഹതയുള്ള ഒരാളെ മറികടന്ന് അനർഹനായ ഒരാൾ കടന്നുകയറുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഒരു നിയമനത്തിലെ ക്രമക്കേടായി മാത്രം കാണാനാകില്ല. നാടിന്റെ വികസനവും ഭരണത്തിന്റെ ഗുണനിലവാരവും നിർണയിക്കേണ്ട തസ്തികകളിലേക്ക് തന്നെ അർഹതയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടുവെന്ന സംശയമാണ് അതിലൂടെ ഉയരുന്നത്. ആസൂത്രണ ബോർഡിലെ നിയമനം എന്നത് കേരളത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ വികസന മുൻഗണനകളും സാമ്പത്തിക നയങ്ങളും സാമൂഹിക ക്ഷേമപദ്ധതികളും രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകുന്ന സംവിധാനത്തിലേക്ക് തന്നെ പരീക്ഷാ ക്രമക്കേടിലൂടെ ആളുകൾ കടന്നുവരുന്നുവെങ്കിൽ അതിന്റെ പ്രത്യാഘാതം തലമുറകൾ അനുഭവിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഈ സംഭവത്തെ രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ വീഴ്ചയായി ചുരുക്കരുത്. ഉത്തരവാദിത്വം എവിടെവരെ എത്തുന്നുവോ അവിടെവരെ അന്വേഷണം എത്തണം. ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നതരുടെ പങ്ക് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ അതും പരിശോധിക്കണം. ആരും പദവിയുടെ വലിപ്പംകൊണ്ട് അന്വേഷണത്തിന് മുകളിലാകരുത്. കുറ്റം തെളിഞ്ഞാൽ സ്ഥാനമോ രാഷ്ട്രീയ ബന്ധമോ പരിചയമോ നോക്കാതെ കർശന നടപടി വേണം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന വിവരവും ഗൗരവമായി കാണണം. ഒരു പരീക്ഷയിലെ ക്രമക്കേട് പരിഹരിക്കുന്നതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കില്ല. പി.എസ്.സിയുടെ മുഴുവൻ പരീക്ഷാ സംവിധാനത്തിന്റെയും സുരക്ഷാ സംവിധാനങ്ങളുടെയും മൂല്യനിർണയ രീതികളുടെയും സമഗ്രമായ ഓഡിറ്റ് ആവശ്യമാണ്. റാങ്ക് ലിസ്റ്റ് മരവിപ്പിച്ച് പുനർമൂല്യനിർണയത്തിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് സ്വാഗതാർഹമാണ്. എന്നാൽ പുനർമൂല്യനിർണയം പരിഹാരത്തിന്റെ അവസാനമല്ല; പരിഷ്‌കരണത്തിന്റെ തുടക്കമാകണം. ഉത്തരക്കടലാസുകൾ ഡിജിറ്റലായി സുരക്ഷിതമായി സൂക്ഷിക്കുക, ഓരോ ഘട്ടത്തിലും ഡിജിറ്റൽ ട്രാക്കിങ് ഉറപ്പാക്കുക, സംശയമുള്ള ഉദ്യോഗാർഥിക്ക് സുതാര്യമായ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ പരിഷ്‌കരണങ്ങൾ അനിവാര്യമാണ്.
പി.എസ്.സി. ഒരു സാധാരണ റിക്രൂട്ട്മെന്റ് ഏജൻസിയല്ല. കേരളത്തിലെ സാമൂഹ്യനീതിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ്. സമ്പന്നന്റെ മകനും സാധാരണക്കാരന്റെ മകനും ഒരേ ചോദ്യപേപ്പറിന് മുന്നിൽ ഒരേ അവസരം നേടുന്നു എന്ന വിശ്വാസമാണ് പി.എസ്.സിയുടെ ഏറ്റവും വലിയ മൂലധനം. ആ വിശ്വാസം തകർന്നാൽ പണംകൊണ്ടും പരസ്യപ്രചാരണത്തിലൂടെയും തിരിച്ചുപിടിക്കാനാകില്ല. കഠിനാധ്വാനം ചെയ്ത് പരീക്ഷയെഴുതുന്ന യുവത്വത്തോട് കേരളം ചെയ്യുന്ന ഏറ്റവും വലിയ നീതികേട് അവരുടെ അവസരം കവർന്നെടുക്കുന്നതാണ്. ഒരു ഉദ്യോഗാർഥിയുടെ ഒരു മാർക്ക് പോലും അവന്റെ മാസങ്ങളുടെയും വർഷങ്ങളുടെയും അധ്വാനത്തിന്റെ വിലയാണ്. അവിടെ ഒരു ചോദ്യവും അപ്രത്യക്ഷമാകാൻ പാടില്ല; ഒരു മാർക്കും അന്യായമായി കൂടാനും കുറയാനും പാടില്ല. പി.എസ്.സി.യുടെ വിശ്വാസ്യത സംരക്ഷിക്കുക സർക്കാരിന്റെ ഭരണപരമായ ഉത്തരവാദിത്വം മാത്രമല്ല, ധാർമികമായ ഉത്തരവാദിത്വം കൂടിയാണ്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതോടൊപ്പം സംവിധാനത്തിലെ പഴുതുകൾ അടയ്ക്കണം. രാഷ്ട്രീയത്തിന്റെ നിറം നോക്കാതെ നടപടി വേണം. സ്ഥാപനത്തിന്റെ പേരല്ല, അതിന്റെ വിശ്വാസ്യതയാണ് സംരക്ഷിക്കേണ്ടത്. കാവൽക്കാരൻ തന്നെ കവർച്ചക്കാരനാകുന്ന വൈരുധ്യത്തിലേക്ക് കേരളത്തിലെ യുവത്വത്തെ ഇനിയും തള്ളിവിടരുത്. പി.എസ്.സി.യുടെ വാതിൽക്കൽ എത്തുന്ന ഓരോ ഉദ്യോഗാർഥിക്കും ഒരേയൊരു ഉറപ്പുണ്ടാകണം-ഇവിടെ എന്റെ കഴിവിനാണ് വില; മറ്റൊരാളുടെ സ്വാധീനത്തിനല്ല. ആ ഉറപ്പ് നിലനിർത്തുകയാണ് കേരളത്തോടും അതിന്റെ യുവത്വത്തോടും ഭരണകൂടത്തിനുള്ള ഏറ്റവും വലിയ ബാധ്യത.
