Home Keralaഅഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് 16 പ്രതികൾ

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് 16 പ്രതികൾ

by news_desk1
0 comments

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് 16 പ്രതികൾ. വിചാരണ നടപടികളുടെ ദൃശ്യങ്ങൾ പകർത്തുന്നതും പിന്നീട് പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്. ഹർജി കോടതി ഇന്ന് പരിഗണിക്കും.

കേസിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടാൽ വിചാരണയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തങ്ങളുടെ ഭാവിജീവിതത്തിന് തീരാകളങ്കമായി മാറുമെന്നാണ് ഹർജിയിലെ വാദം. മഹാരാജാസ് കോളേജ് വിദ്യാർഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാൻ അനുവദിക്കരുതെന്നും കോടതി മുറിയിലേക്ക് മാധ്യമപ്രവർത്തകരുടെ പ്രവേശനം തടയണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിലെ പ്രതികൾ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. പതിനാറ് പ്രതികളാണ് കേസിലുള്ളത്.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിൽ അഭിമന്യു കൊല്ലപ്പെട്ടത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേദിവസമായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നാണ് എസ്എഫ്ഐ ആരോപിച്ചിരുന്നത്.

കേസിൽ ക്യാമ്പസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം പ്രതികൾക്കെതിരെ ചുമത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ ഹംസയാണ് കേസിലെ പ്രധാന പ്രതി.

സഹൽ ഹംസയെ പിടികൂടുന്നതിൽ ആദ്യം വലിയ വിവാദമുണ്ടായിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ 11 രേഖകൾ കാണാതായതായുള്ള വിവരവും പിന്നീട് പുറത്തുവന്നു. കേസിന്റെ വിചാരണ എട്ട് വർഷത്തോളം നീണ്ടുപോയതിലും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

You may also like