Home Keralaസ്റ്റാഫ് നിയമന വിവാദത്തിൽ പുതിയ കണക്കുകൾ; 726 നിയമനങ്ങളുമായി മുന്നിൽ പിണറായി സർക്കാർ

സ്റ്റാഫ് നിയമന വിവാദത്തിൽ പുതിയ കണക്കുകൾ; 726 നിയമനങ്ങളുമായി മുന്നിൽ പിണറായി സർക്കാർ

by news_desk1
0 comments

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ പുതിയ കണക്കുകൾ പുറത്ത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളായി ആകെ 787 നിയമനങ്ങൾ നടന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ ഒരേസമയം ജോലി ചെയ്തിരുന്നവരുടെ എണ്ണം പരിഗണിച്ചാൽ 726 പേരാണ്. പിണറായി വിജയൻ തന്നെയാണ് ഏറ്റവും കൂടുതൽ സ്റ്റാഫുകളെ നിയമിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്ക് 787 പേഴ്സണൽ സ്റ്റാഫുകളുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നത്. അതേസമയം, യുഡിഎഫ് സർക്കാർ ഇതുവരെ 476 പേരെയാണ് നിയമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. 787 എന്ന കണക്ക് പിണറായി വിജയൻ തള്ളുകയും ചെയ്തിരുന്നു.

എന്നാൽ പുറത്തുവന്ന രേഖകൾ പ്രകാരം രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ആകെ നിയമനങ്ങളുടെ എണ്ണം 787 തന്നെയാണ്. ഇതിനിടയിൽ മന്ത്രിമാർ മാറിയപ്പോൾ പുനർനിയമിക്കപ്പെട്ട സ്റ്റാഫുകളെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തിനിടെ മന്ത്രിമാർ മാറുന്നതിനനുസരിച്ച് 61 സ്റ്റാഫുകളെ പുനർനിയമിച്ചു. ഇവരെ ഒഴിവാക്കിയാലും ആകെ സ്റ്റാഫുകളുടെ എണ്ണം 726 വരും.

മുഖ്യമന്ത്രി പിണറായി വിജയൻ 44 പേരെയാണ് പേഴ്സണൽ സ്റ്റാഫുകളായി നിയമിച്ചത്. ഇതിൽ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ ശമ്പളമില്ലാതെയാണ് പ്രവർത്തിച്ചത്. സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതലയ്ക്കായി 12 പേരെയും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചു. ഇവരുടെ ശമ്പളത്തിനായി വർഷം 84 ലക്ഷം രൂപ ചെലവഴിക്കുന്നതായാണ് കണക്കുകൾ.

അതേസമയം, 726 പേരും ഒരേസമയം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫായി ജോലി ചെയ്തിരുന്നില്ലെന്നും രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. സർക്കാർ കാലാവധി പകുതി പിന്നിടുന്നതിനിടെ പലരും മാറുകയും പകരം പുതിയ ആളുകൾ നിയമിക്കപ്പെടുകയും ചെയ്തു.

മുൻ സർക്കാരുകളുടെ കാലത്തും സമാനമായ രീതിയിൽ സ്റ്റാഫ് നിയമനം നടന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ലഭിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ നിയമനം നടത്തുന്നതെന്ന വിമർശനവും നേരത്തെയുണ്ടായിരുന്നു.

ഒരേസമയം 700ലേറെ പേർ സ്റ്റാഫായി ഉണ്ടായിരുന്നില്ലെന്നാണ് പിണറായി വിജയൻ ഉദ്ദേശിച്ചതോ എന്നതിൽ വ്യക്തതയില്ല. കൂടുതൽ രേഖകൾ മുഖ്യമന്ത്രി പുറത്തുവിടുമോയെന്നതും ഇനി നിർണായകമാണ്.

You may also like