Home Nationalയുപിഐ ഫീസ്: നിയമപരമായ അടിസ്ഥാനം എന്ത്? വരുമാനം ആർക്കെന്ന് സുപ്രീംകോടതി; സ്റ്റേ ഇല്ല

യുപിഐ ഫീസ്: നിയമപരമായ അടിസ്ഥാനം എന്ത്? വരുമാനം ആർക്കെന്ന് സുപ്രീംകോടതി; സ്റ്റേ ഇല്ല

by news_desk1
0 comments

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും സുപ്രീംകോടതി വിശദീകരണം തേടി. ഫീസ് ഈടാക്കാനുള്ള നിയമപരമായ അടിസ്ഥാനം എന്താണെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം ആർക്കാണെന്നും കോടതി ചോദിച്ചു. അതേസമയം, എംഡിആർ ഈടാക്കാനുള്ള തീരുമാനത്തിന് സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു.

യുപിഐ ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനം ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്നാണ് സുപ്രീംകോടതിയുടെ പ്രധാന ചോദ്യം. ഫീസായി ഈടാക്കുന്നതാണെങ്കിൽ അതിന് നിയമപരമായ അടിസ്ഥാനം വേണമെന്നും കോടതി നിരീക്ഷിച്ചു. ലഭിക്കുന്ന തുക ആരുടെ വരുമാനമായി കണക്കാക്കപ്പെടും, അത് എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

വിഷയത്തിൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഹ്രസ്വ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. മറുപടി ലഭിച്ചശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ എംഡിആർ നടപ്പാക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കുന്ന സംവിധാനം നടപ്പാക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. 75,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ 300 രൂപയായി പരിമിതപ്പെടുത്തും.

തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അഞ്ജൻ ദത്തയാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. മതിയായ നിയമപരമായ സംരക്ഷണങ്ങളില്ലാതെയും ആവശ്യമായ കൂടിയാലോചനകളില്ലാതെയും പുതിയ നിരക്ക് ഏർപ്പെടുത്തുകയാണെന്നാണ് ഹർജിയിലെ ആരോപണം.

You may also like