Home Keralaആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകും; പ്രത്യുപകാരം വേണ്ടെന്ന് എം.എ. യൂസഫലി

ആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകും; പ്രത്യുപകാരം വേണ്ടെന്ന് എം.എ. യൂസഫലി

by news_desk1
0 comments

തിരുവനന്തപുരം: ഭരിക്കുന്നവർക്കോ സർക്കാരുകൾക്കോ ആവശ്യമുണ്ടെങ്കിൽ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനൽകാൻ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. അതിന് പ്രത്യുപകാരമൊന്നും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സ്വകാര്യ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യൂസഫലി. വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നും അത് ഉണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക യാത്രയ്ക്ക് സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. മലയാളിയായ ഒരു സുഹൃത്താണ് യാത്ര സ്പോൺസർ ചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. പൊതുപണം ഉപയോഗിച്ചിട്ടില്ലാത്തതിനാൽ സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുൻ മുഖ്യമന്ത്രിമാരും സ്വകാര്യ സഹായത്തോടെ യാത്ര ചെയ്തിട്ടുണ്ടെന്നും ഭാവിയിലും ജനങ്ങളുടെ പണം ലാഭിക്കാൻ സുഹൃത്തുക്കളുടെയോ അഭ്യുദയകാംക്ഷികളുടെയോ സഹായം ലഭിച്ചാൽ സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.

യാത്രയ്ക്കായി ഉപയോഗിച്ച വിമാനം കർണാടക മന്ത്രി കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റേതായിരുന്നു. സെപ്റ്റംബർ 21ന് നടത്തിയ യാത്രയുടെ 19,88,595 രൂപയുടെ ബിൽ, സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ പുതുക്കാൻ അപേക്ഷ നൽകിയിരുന്ന ചിപ്സൺ ഏവിയേഷൻ നൽകിയതായി രേഖകൾ പുറത്തുവന്നിരുന്നു. രേഖകളിലെ തുക ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്.

You may also like