ന്യൂഡൽഹി: യുഎസുമായുള്ള ബന്ധം മോശമാകുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോൺ ചർച്ച നടത്തിയതോടെ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഭീകരവാദ വിഷയത്തിൽ ഇന്ത്യയുടെ ആശങ്കകൾ പരിഗണിക്കാതെയുള്ള അമേരിക്കൻ നിലപാടുകളിലും, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിലുള്ള തീരുവ ഭീഷണിയിലും, സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണത്തിലുമാണ് ജയശങ്കർ കഴിഞ്ഞ ദിവസം പരസ്യമായി അതൃപ്തി അറിയിച്ചത്.
റഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് വലിയതോതിൽ പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാൻക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ൽ കഴിഞ്ഞമാസം ട്രംപ് ഒപ്പുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്കുമേലും 100 ശതമാനം അധിക തീരുവ ചുമത്താൻ ട്രംപിന് കഴിയും. വ്യാപാരം, പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾ ഫോണിൽ ചർച്ച ചെയ്തതായി മോദി അറിയിച്ചു. തീരുവ സംബന്ധിച്ച ആശങ്കയും അദ്ദേഹം ട്രംപിനെ അറിയിച്ചു. നിലവിൽ ഇന്ത്യയ്ക്ക് 10 ശതമാനം അധിക തീരുവയാണ് ബാധകം.
140 കോടി ജനങ്ങളുടെ ഊർജസുരക്ഷയും രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളും സംരക്ഷിക്കുന്ന നിലപാടുമായി ഇന്ത്യ മുന്നോട്ടുപോകുമെന്ന് കേന്ദ്രം യുഎസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഉപരോധ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചേക്കുമെന്ന സൂചനകളുണ്ട്. പകരം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചേക്കും.
സെപ്റ്റംബറിൽ ഇന്ത്യ പ്രതിദിനം 18 ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് വാങ്ങിയത്. ഓഗസ്റ്റിൽ ഇത് 21 ലക്ഷം ബാരലായിരുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 44 മുതൽ 45 ശതമാനം വരെ റഷ്യയിൽ നിന്നായിരുന്നു. സെപ്റ്റംബറിൽ ഇത് 34 ശതമാനമായി കുറഞ്ഞു.
ഇന്ത്യയ്ക്കുമേൽ കൂടുതൽ കടുത്ത നടപടികളിൽ നിന്ന് യുഎസ് വിട്ടുനിൽക്കുകയും വ്യാപാരക്കരാർ യാഥാർഥ്യമാവുകയും ചെയ്താൽ തീരുവഭാരം കുറയാനും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകാനും സാഹചര്യമുണ്ടാകും. എതിരാളികളേക്കാൾ കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക് ബാധകമാകുന്നത് കയറ്റുമതിമേഖലയ്ക്ക് നേട്ടമാകുമെന്നും ഓഹരി വിപണിക്ക് ഉണർവേകുമെന്നും വിലയിരുത്തപ്പെടുന്നു.
ഹോർമുസ് വഴിയുള്ള എണ്ണയൊഴുക്ക് വർധിച്ചു; ക്രൂഡ് വില താഴേക്ക്
ഹോർമുസ് കടലിടുക്കും ചെങ്കടലും വഴിയുള്ള ക്രൂഡോയിൽ കയറ്റുമതി ഇറാൻ-യുഎസ് യുദ്ധം ആരംഭിച്ച ഫെബ്രുവരിക്ക് മുൻപത്തെ നിലയിലേക്ക് എത്തിയതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച 1.95 കോടി ബാരൽ എണ്ണയാണ് ഈ വഴികളിലൂടെ കടന്നുപോയത്. യുദ്ധത്തിന് മുൻപുണ്ടായിരുന്ന 1.7 കോടി ബാരലിനേക്കാൾ കൂടുതലാണിത്.
ഖത്തർ, പാക്കിസ്ഥാൻ എന്നിവയുടെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ധാരണയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ക്രൂഡോയിൽ വില 100 ഡോളറിന് താഴേക്ക് ഇടിഞ്ഞു.
ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞയാഴ്ചത്തെ 108.48 ഡോളറിൽ നിന്ന് 97.71 ഡോളറായി കുറഞ്ഞു. അമേരിക്കൻ ഡബ്ല്യുടിഐ ക്രൂഡിന്റെ വില 96.29 ഡോളറിൽ നിന്ന് 88.60 ഡോളറിലേക്കും താഴ്ന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ട്രംപ് തള്ളുകയും ഇറാന് ഇളവുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ എണ്ണവില വീണ്ടും ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഭിന്നത രൂക്ഷമായാൽ വില ഉയരാമെന്നാണ് വിലയിരുത്തൽ.
യുഎസിലെ പണപ്പെരുപ്പം ഉയർന്നു; പലിശനിരക്കിൽ ആശങ്ക
യുഎസിൽ ഓഗസ്റ്റിലെ പണപ്പെരുപ്പം 3.4 ശതമാനമായി ഉയർന്നതായി കൊമേഴ്സ് വകുപ്പ് വ്യക്തമാക്കി. നിരീക്ഷകർ പ്രവചിച്ച 3.7 ശതമാനത്തേക്കാൾ കുറവാണിത്. എന്നാൽ ഫെഡറൽ റിസർവിന്റെ രണ്ട് ശതമാനം നിയന്ത്രണപരിധിക്ക് മുകളിലായതിനാൽ അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള സാധ്യത തുടരുകയാണ്.
ഇതോടെ യുഎസ് ഡോളർ സൂചിക 101.47ൽ നിന്ന് 101.58ലേക്കും യുഎസിന്റെ 10 വർഷ ട്രഷറി ബോണ്ട് യീൽഡ് 5.28 ശതമാനത്തിൽ നിന്ന് 5.31 ശതമാനത്തിലേക്കും ഉയർന്നു.
അമേരിക്കയിലെ കഴിഞ്ഞമാസത്തെ തൊഴിൽ കണക്കുകൾ ഈയാഴ്ച പുറത്തുവരുന്നതും നിർണായകമാണ്. തൊഴിലവസരങ്ങൾ വർധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെങ്കിൽ അടുത്ത യോഗത്തിലും ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ യോഗത്തിൽ 0.25 ശതമാനം നിരക്ക് വർധിപ്പിച്ചിരുന്നു.
അതേസമയം, യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി 500, നാസ്ഡാക് എന്നിവ 0.3 ശതമാനം വരെ ഉയർന്നു. ഏഷ്യൻ വിപണികളിൽ ജാപ്പനീസ് നിക്കേയ്, ഷാങ്ഹായ്, ഹോങ്കോങ് സൂചികകൾ 0.31 മുതൽ 2.40 ശതമാനം വരെ മുന്നേറി. എണ്ണവിലയിലെ ഇടിവാണ് പ്രധാനമായും വിപണികൾക്ക് ഊർജം പകർന്നത്.
ഇന്ത്യൻ വിപണി കരുതലിൽ; വിദേശ നിക്ഷേപകരുടെ വിൽപ്പന തുടരുന്നു
ഇന്ത്യൻ വിപണി ഇന്നും കരുതലോടെയായിരിക്കുമെന്ന് ഗിഫ്റ്റ് നിഫ്റ്റി സൂചിപ്പിക്കുന്നു. രാവിലെ ഗിഫ്റ്റ് നിഫ്റ്റി 0.19 ശതമാനം താഴ്ന്നു. സെൻസെക്സും നിഫ്റ്റിയും ഇന്നും താഴ്ന്ന് വ്യാപാരം തുടങ്ങാൻ സാധ്യതയുണ്ട്. ഇന്നലെ സെൻസെക്സ് 48 പോയിന്റ് അഥവാ 0.07 ശതമാനം നഷ്ടത്തിൽ 72,480ലും നിഫ്റ്റി 95 പോയിന്റ് അഥവാ 0.42 ശതമാനം നഷ്ടത്തിൽ 22,620ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപകർ കൈവിടുന്നതും ഇന്ത്യൻ ഓഹരികളെ സമ്മർദത്തിലാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഇന്നലെ മാത്രം 10,000 കോടിയിലേറെ രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്.
ടാറ്റയിൽ വീണ്ടും കലഹം; സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിനെതിരെ വേണു ശ്രീനിവാസൻ
ടാറ്റ ഗ്രൂപ്പിലെ തർക്കം പുതിയ തലത്തിലേക്ക് കടന്നതും വിപണി ശ്രദ്ധിക്കുന്ന വിഷയമാണ്. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വേണു ശ്രീനിവാസൻ രംഗത്തെത്തിയതാണ് പുതിയ വഴിത്തിരിവ്.
ദൊറാബ്ജി ട്രസ്റ്റിയും ടാറ്റ സൺസ് ബോർഡ് പ്രതിനിധിയുമാണ് വേണു ശ്രീനിവാസൻ. മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണറോടാണ് അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടത്. ഇതോടെ ടാറ്റ ട്രസ്റ്റ്സ് ചെയർമാനും വേണു ശ്രീനിവാസനും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
