Home Nationalഇൻസ്റ്റ റീലിൽ കണ്ടു, ടെലിഗ്രാമിൽ പരിശീലനം നേടി; കള്ളനോട്ടടിച്ച പച്ചക്കറി വ്യാപാരി അറസ്റ്റിൽ

ഇൻസ്റ്റ റീലിൽ കണ്ടു, ടെലിഗ്രാമിൽ പരിശീലനം നേടി; കള്ളനോട്ടടിച്ച പച്ചക്കറി വ്യാപാരി അറസ്റ്റിൽ

by news_desk1
0 comments

രാജ്കോട്ട്: ഇൻസ്റ്റഗ്രാം റീലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടെലിഗ്രാം വഴി വ്യാജ കറൻസി അച്ചടിക്കാൻ പരിശീലനം നേടിയ പച്ചക്കറി വ്യാപാരി അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിൽ മന്ദാഡുങ്കർ പ്രദേശത്ത് താമസിക്കുന്ന കിഷൻ സോളങ്കിയെയാണ് രാജ്കോട്ട് സിറ്റി ക്രൈംബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് വ്യാജ കറൻസികളും അച്ചടി ഉപകരണങ്ങളും ഉൾപ്പെടെ 65,500 രൂപ മൂല്യമുള്ള വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.

പച്ചക്കറി കച്ചവടത്തിൽ നിന്നുള്ള കുറഞ്ഞ വരുമാനം കാരണം കടക്കെണിയിലായതാണ് കുറ്റകൃത്യത്തിലേക്ക് നീങ്ങാൻ കാരണമായതെന്ന് രാജ്കോട്ട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ക്രൈം) ജഗ്ദീഷ് ബംഗാർവയുടെ നേതൃത്വത്തിലുള്ള പ്രാഥമിക ചോദ്യം ചെയ്യലിൽ കിഷൻ സോളങ്കി വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.

ഇൻസ്റ്റഗ്രാമിൽ 100, 500 രൂപയുടെ വ്യാജ നോട്ടുകൾ നിർമിക്കുന്നത് കാണിക്കുന്ന റീൽ കണ്ടതാണ് കിഷൻ സോളങ്കിയെ വ്യാജനോട്ടടി പഠിക്കാൻ പ്രേരിപ്പിച്ചത്. റീലിന് പിന്നിലുള്ള അക്കൗണ്ട് ഉടമയുമായി ഇയാൾ ബന്ധപ്പെടുകയും പിന്നീട് ടെലിഗ്രാം വഴി സംസാരിച്ച് വ്യാജനോട്ടുകൾ അച്ചടിക്കുന്നതിന്റെ വിശദമായ പരിശീലനം നേടുകയും ചെയ്തു.

പരിശീലനം നൽകിയ വ്യക്തിക്ക് താൻ നിർമിച്ച 10,000 രൂപയുടെ വ്യാജനോട്ടുകൾ നൽകിയപ്പോൾ പകരമായി 3,000 രൂപ ലഭിച്ചതായും കിഷൻ പൊലീസിനോട് വെളിപ്പെടുത്തി. ഓൺലൈൻ പരിശീലകനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വ്യാജനോട്ടുകൾ മൊത്തമായി വിൽക്കുന്നതിന് പകരം സ്വന്തമായി ചെറിയ സാധനങ്ങൾ വാങ്ങുന്നതിനാണ് കിഷൻ ഇവ ഉപയോഗിച്ചിരുന്നത്. സാധാരണക്കാർക്ക് പെട്ടെന്ന് സംശയം തോന്നാതിരിക്കാനാണ് പ്രധാനമായും 100 രൂപയുടെ നോട്ടുകൾ നിർമിച്ചതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ നാല്-അഞ്ച് മാസത്തിനിടെ 40ഓളം വ്യാജ 100 രൂപ നോട്ടുകൾ വിപണിയിൽ ചെലവഴിച്ചതായാണ് കണ്ടെത്തൽ.

അടുത്തിടെ നടന്ന ജന്മാഷ്ടമി മേളയിലും ചെറിയ സാധനങ്ങൾ വാങ്ങുന്നതിനായി ഇത്തരം വ്യാജനോട്ടുകൾ കൂടുതൽ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 216 വ്യാജ 100 രൂപ നോട്ടുകളും മൂന്ന് വ്യാജ 500 രൂപ നോട്ടുകളും കണ്ടെത്തിയത്. നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച സി.പി.യു, മോണിറ്റർ, രണ്ട് പ്രിന്ററുകൾ, ലാമിനേറ്റർ ഹീറ്റർ മെഷീൻ, ബട്ടർ പേപ്പർ, 100 രൂപ അച്ചടിച്ച കടലാസുകൾ എന്നിവയും പിടിച്ചെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് റിമാൻഡിൽ വിട്ടു. ഇതുവരെ എത്ര വ്യാജ കറൻസികൾ അച്ചടിച്ച് വിതരണം ചെയ്തു, അച്ചടി ഉപകരണങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്, ഓൺലൈൻ പരിശീലകനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്തെല്ലാമാണ്, കേസിൽ മറ്റ് കൂട്ടാളികൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രതിയെ ചോദ്യം ചെയ്ത് കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.

You may also like