കണ്ണൂർ: മഖ്ന ദൗത്യത്തിനിടെ മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും കെഎം വൺ എന്ന മോഴയാന മയങ്ങിയില്ല. ഇതോടെ ദൗത്യം കൂടുതൽ സങ്കീർണമായി. വനംവകുപ്പ് സംഘത്തിന് ആനയുടെ അടുത്തേക്ക് എത്താനും കഴിഞ്ഞിട്ടില്ല. മോഴയാനയ്ക്ക് സമീപം മറ്റൊരു കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതും ദൗത്യത്തിന് തിരിച്ചടിയായി.
ഡോക്ടർമാർ ആനയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇന്ന് ആനയ്ക്ക് മയക്കുവെടി വയ്ക്കാൻ കഴിഞ്ഞത്. ഇന്ന് മാത്രമാണ് കെഎം വണ്ണിനെ കൃത്യമായി ലൊക്കേറ്റ് ചെയ്യാനും സാധിച്ചത്. വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് ആന ഇപ്പോഴുള്ളത്.
ആനയ്ക്ക് സമീപം കാട്ടാനക്കൂട്ടം എത്തിയതോടെ ദൗത്യസംഘത്തിന് മുന്നോട്ട് നീങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആനയെ പുറത്തെത്തിക്കുന്നതിനായി ഒരു കിലോമീറ്ററിലധികം അധികമായി വഴിതെളിക്കാനാണ് ശ്രമം.
ദൗത്യത്തിന്റെ ഭാഗമായി കുങ്കിയാനകളും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
