തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. പാർട്ടിയിലെ കാര്യങ്ങൾ മുഖ്യമന്ത്രിയും നേതൃത്വവും ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവർ നോക്കിക്കൊള്ളുമെന്നും മുന്നണിയിൽ കൂടിയാലോചിച്ചാണ് മുന്നോട്ടുപോകുന്നതെന്നും റോജി എം. ജോൺ പറഞ്ഞു. ചാനലുകൾ ആവശ്യപ്പെടുന്നതുപോലെ പ്രതികരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ഇക്കാര്യങ്ങളിൽ നേതൃത്വം തന്നെ പറയുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയത്. പല സുപ്രധാന വിവരങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് മുഖ്യമന്ത്രി പല തീരുമാനങ്ങളും എടുക്കുന്നതെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു. കെപിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു വിമർശനം.
ബോർഡ്, കോർപറേഷൻ നിയമനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് നടപ്പാക്കിയതെന്നും അടൂർ പ്രകാശ് ആരോപിച്ചു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് ആലോചിക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയെ അറിയിക്കാതെ തീരുമാനങ്ങൾ എടുക്കുന്നത് ദുഃഖകരമാണെന്നും അടൂർ പ്രകാശ് തുറന്നടിച്ചു.
വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാർ ഫലപ്രദമായി ഇടപെടാത്തതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. വിമാന യാത്രയുമായി ബന്ധപ്പെട്ട നിജസ്ഥിതി മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ വേണ്ടത്ര സംഘാടനമുണ്ടായില്ലെന്നും കൺവീനർ എന്ന നിലയിൽ വിവിധ ജില്ലകളിൽ പോയത് ആരുടെയും നിർദേശപ്രകാരമല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ചിറയിൻകീഴിൽ രമ്യ ഹരിദാസുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി ചേർന്നിട്ട് നാലുമാസമായെന്നും, മുന്നണിയുടെ കാര്യങ്ങളിൽ വി.ഡി. സതീശന്റെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ട കൺവീനർക്ക് അത്തരത്തിലുള്ള നിർദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് കുറ്റപ്പെടുത്തി. ഇത്തരം അഭിപ്രായഭിന്നതകളും വിഷയങ്ങളും ജനങ്ങൾ അറിയേണ്ടതിനാലാണ് താൻ തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ എഐസിസി നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
എന്നാൽ മുന്നണിയിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും പാർട്ടിയിലെ കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ നോക്കിക്കൊള്ളുമെന്നും റോജി എം. ജോൺ പ്രതികരിച്ചു.
