Home National‘ഇസിഐനെറ്റ് നിയന്ത്രണത്തിൽ പ്രധാനമന്ത്രിയുടെ അറിവുണ്ടായിരുന്നു’; പരാതി ഡിഒപിടിയിലെത്തിയിരുന്നുവെന്ന് ജയറാം രമേശ്

‘ഇസിഐനെറ്റ് നിയന്ത്രണത്തിൽ പ്രധാനമന്ത്രിയുടെ അറിവുണ്ടായിരുന്നു’; പരാതി ഡിഒപിടിയിലെത്തിയിരുന്നുവെന്ന് ജയറാം രമേശ്

by news_desk1
0 comments

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിഐനെറ്റ് വോട്ടർപട്ടിക പോർട്ടലിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരങ്ങളും പ്രവേശനവും വെട്ടിച്ചുരുക്കിയെന്ന വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നേരിട്ട് ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി വിഭാഗവുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നൽകിയ ഗുരുതര പരാതി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ എത്തിയിരുന്നുവെന്നും, വിവാദ തീരുമാനങ്ങൾ പ്രധാനമന്ത്രിയുടെ അറിവോടും നിർദേശത്തോടുമാണ് നടന്നതെന്നും ജയറാം രമേശ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ ജൂലൈയിൽ കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയതായി പുറത്തുവന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശ് രംഗത്തെത്തിയത്. പരാതിയിൽ പരാമർശിച്ച ഉദ്യോഗസ്ഥൻ ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനിൽ സുപ്രധാന പദവിയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണമോ നടപടിയോ സ്വീകരിക്കുന്നതിന് പകരം വിവാദ ഐടി വിഭാഗത്തിന്റെ മേൽനോട്ട ചുമതല തന്നെ ഈ ഉദ്യോഗസ്ഥന് നൽകിയെന്നാണ് ജയറാം രമേശിന്റെ ആരോപണം. ഇക്കാര്യം അദ്ദേഹം സാമൂഹികമാധ്യമ കുറിപ്പിലൂടെയാണ് ഉന്നയിച്ചത്.

‘വോട്ടർപട്ടിക തിരുത്താനുള്ള അധികാരം പരിമിതപ്പെടുത്തി’

ഐടി വിഭാഗത്തിന്റെ മേൽനോട്ടം നീക്കം ചെയ്തുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവിറക്കിയതിന് പിന്നാലെയാണ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയതെന്നാണ് ആരോപണം. മതിയായ സുതാര്യതയില്ലാതെ ഐടി വിഭാഗം പ്രവർത്തിക്കാൻ ഈ നടപടി വഴിയൊരുക്കിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഓഗസ്റ്റ് മുതൽ ഈ ഉദ്യോഗസ്ഥന് തന്നെയാണ് ഐടി വിഭാഗത്തിന്റെ പൂർണ മേൽനോട്ട ചുമതലയെന്നും ഇത് സെപ്റ്റംബർ 26ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നും ജയറാം രമേശ് ആരോപിച്ചു.

വോട്ടർപട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനുമുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നിയമപരമായ അധികാരങ്ങളെ മറികടന്ന് ഐടി വിഭാഗം ഇസിഐനെറ്റ് പോർട്ടലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലായിരുന്നു കമ്മീഷണർമാരുടെ പ്രധാന എതിർപ്പെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ കോൺഗ്രസ് തുടർച്ചയായി വിമർശിക്കുകയും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എസ്ഐആറുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തിനിടെ തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെ പുറപ്പെടുവിച്ച തീരുമാനങ്ങൾക്കും ഉത്തരവുകൾക്കുമെതിരെ സന്ധുവും ജോഷിയും കുറഞ്ഞത് 14 തവണ ഫയലുകളിൽ രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തിയതായി മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഈ ഭിന്നതകൾ പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തി. ഏതൊരു ഭരണഘടനാ സ്ഥാപനത്തിലും വ്യത്യസ്ത നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

കമ്മീഷന്റെ എല്ലാ ഉത്തരവുകൾക്കും പൂർണമായ നിയമസാധുതയുണ്ടെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് അവ പുറപ്പെടുവിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.

You may also like