കൊല്ലം: സൗദി അറേബ്യയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ക്രൂരമർദനമേറ്റതായി കൊല്ലം സ്വദേശിനിയായ 24കാരിയുടെ പരാതി. നീണ്ടകര മണ്ണാത്തറ സ്വദേശിനി അഞ്ചുവിന്റെ പരാതിയിൽ ഭർത്താവ് നന്ദു, ഇയാളുടെ അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ ചവറ പൊലീസ് കേസെടുത്തു.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സൗദിയിലെ വീട്ടിൽവച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നിരന്തരം മർദിച്ചെന്നും കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചെന്നും യുവതി മൊഴി നൽകി. ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.
സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തിയ അഞ്ചുവിന്റെ ശരീരമാസകലം മർദനമേറ്റ പാടുകളും മുറിവുകളുമുണ്ട്. യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
