തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിച്ച് ലഭ്യത ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മരുന്ന് ലഭിക്കുന്നില്ലെന്ന പരാതികളെ തുടർന്നാണ് ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം നടപടി.
ആവശ്യമായ മരുന്നുകളുടെ സ്റ്റോക്ക് നേരിട്ട് പരിശോധിക്കുക, ക്ഷാമവും വിതരണവും വിലയിരുത്തുക, ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് സമിതികളുടെ പ്രധാന ചുമതലകൾ. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും സമിതികൾ ഇടപെടും. അഡീഷണൽ അല്ലെങ്കിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിലായിരിക്കും ജില്ലകളിൽ സമിതികൾ പ്രവർത്തിക്കുക.
