Home Keralaതെരഞ്ഞെടുപ്പ് ഇടപെടൽ മുതൽ കെ.എസ്.ടി.പി വരെ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

തെരഞ്ഞെടുപ്പ് ഇടപെടൽ മുതൽ കെ.എസ്.ടി.പി വരെ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

by news_desk1
0 comments

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പഴയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്കായി ഗ്യാനേഷ് കുമാർ ഇടപെട്ടെന്നും ജോസ് കെ. മാണിയുടെ അപരന്റെ പത്രിക കാരണമില്ലാതെ തള്ളിയെന്നുമാണ് പി.സി. തോമസിന്റെ ആരോപണം. പത്രിക തള്ളാൻ കാരണം ഒപ്പ് വ്യത്യാസമാണെന്നായിരുന്നു അന്ന് ഗ്യാനേഷ് കുമാർ നൽകിയ വിശദീകരണമെന്നും കെ.എം. മാണിയുടെ നിർദേശപ്രകാരമായിരിക്കാം അന്നത്തെ ജില്ലാ കലക്ടറായിരുന്ന ഗ്യാനേഷ് കുമാർ ഇടപെട്ടതെന്നും പി.സി. തോമസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരാൻ ഗ്യാനേഷ് കുമാറിന് യോഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു. തന്റെ പരാതിയിലാണ് കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെ.എസ്.ടി.പി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് 2006ൽ അന്വേഷണം നടന്നെങ്കിലും പിന്നീട് മുന്നോട്ടുപോയില്ലെന്നാണ് വേണുഗോപാലിന്റെ ആരോപണം. ഗ്യാനേഷ് കുമാറിൽനിന്ന് മൊഴിയുൾപ്പെടെ രേഖപ്പെടുത്തി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.പി കരാർ ഏറ്റെടുത്ത പതിബെൽ കമ്പനിയിലെ മലേഷ്യൻ എൻജിനീയർ ലീയുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ ഇടപെടൽ കൊണ്ടാകാം അന്വേഷണം വഴിമുട്ടിയതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. ആത്മഹത്യ ചെയ്ത ലീയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

വിജിലൻസ് പുനരന്വേഷണം നേരത്തെ തന്നെ നടത്തേണ്ടതായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീറും പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൽ ഭാര്യക്കും മറ്റൊരു വ്യക്തിക്കും കത്തുകൾ നൽകിയിരുന്നതായും കേരളത്തിൽ ഒരു കാര്യം നടക്കണമെങ്കിൽ ചില പ്രത്യേക രീതികൾ പാലിക്കണമെന്നതടക്കമുള്ള പരാമർശങ്ങളുണ്ടായിരുന്നതായും അന്നത്തെ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണം മുന്നോട്ടുപോകാൻ വൈകിയതിന്റെ കാരണം അറിയില്ലെന്നും അന്നത്തെ സർക്കാർ വിഷയം പരിശോധിക്കേണ്ടിയിരുന്നുവെന്നും മുനീർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ കേരളത്തിൽനിന്ന് മാറ്റി കേന്ദ്രസർവീസിലേക്ക് അയച്ചിരുന്നു. ആത്മഹത്യാക്കുറിപ്പും സംഭവത്തിന്റെ സാഹചര്യങ്ങളും പരിശോധിക്കേണ്ടതായിരുന്നുവെന്നും മുനീർ പറഞ്ഞു. കേസിനെക്കുറിച്ച് നേരിട്ട് വിവരങ്ങൾ നൽകാനാകില്ലെന്നും ആത്മഹത്യാക്കുറിപ്പ് നേരിട്ട് കണ്ടിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം വിജിലൻസും പൊലീസും അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തട്ടെയെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും പറഞ്ഞു.

You may also like