തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും വാഹനങ്ങളുടെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്കിനും ഇടയുണ്ടാകും.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി തടസത്തിനും അപകടങ്ങൾക്കും കാരണമായേക്കാം. വീടുകൾക്കും കുടിലുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്ത നിർമാണങ്ങൾക്കും മറ്റ് ഘടനകൾക്കും നാശനഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. സാഹചര്യങ്ങൾ കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
