പെരിയ: നാലര പതിറ്റാണ്ടിന്റെ തൊഴിലാളി കൂട്ടായ്മയുടെ ചരിത്രം അവശേഷിപ്പിച്ച് ദിനേശ് ബീഡി പെരിയ ബ്രാഞ്ചിന്റെ പ്രവർത്തനം അവസാനിച്ചു. പ്രദേശത്തെ സംഘടിത തൊഴിലാളി വർഗത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ച ബ്രാഞ്ചാണ് ഇനി ഓർമയാകുന്നത്. നിലവിലുണ്ടായിരുന്ന നാല് വനിതാ തൊഴിലാളികളെ പുല്ലൂർ ബ്രാഞ്ചിലേക്ക് മാറ്റിയതോടെയാണ് പെരിയ ബ്രാഞ്ചിന്റെ പ്രവർത്തനത്തിന് തിരശീല വീണത്.
കേവലം ഒരു തൊഴിൽ സ്ഥാപനം എന്നതിലുപരി പെരിയയുടെ രാഷ്ട്രീയ, സാമൂഹിക ചലനങ്ങൾക്ക് കരുത്തേകുന്ന കൂട്ടായ്മകൾ വളർത്തിയെടുക്കുന്നതിലും ദിനേശ് ബീഡി പ്രസ്ഥാനത്തിന് വലിയ പങ്കുണ്ടായിരുന്നു. സംഭവബഹുലമായ ഇന്നലെകൾക്ക് പെരിയയുടെ ചരിത്രത്തിൽ ഇടംനൽകിയ ദൗത്യം പൂർത്തിയാക്കിയാണ് ബ്രാഞ്ച് വിടവാങ്ങുന്നത്.
കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ കീഴിൽ 1981 ജനുവരി 15നാണ് പെരിയ ബസാറിൽ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്. പരേതനായ ഇസ്ഹാക്കിന്റെ വീടിന്റെ വരാന്തയോട് ചേർന്നുള്ള ഷെഡിലായിരുന്നു തുടക്കം. 1994ൽ 14 സെന്റ് സ്ഥലത്ത് ബ്രാഞ്ചിനായി സ്വന്തമായി കെട്ടിടം നിർമിച്ചു.
പുല്ലൂർ-പെരിയ പഞ്ചായത്ത് മുൻ പ്രസിഡന്റും ബീഡി തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി. നാരായണിയും ഇവിടെ ബീഡി തൊഴിലാളിയായി ജോലി ചെയ്തിരുന്നു. തുടക്കത്തിൽ പെരിയ ബ്രാഞ്ചിന് കീഴിൽ 35 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്.
അവസാന ഘട്ടത്തിൽ പെരിയ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന കെ. ശോഭ, കെ.വി. അംബിക, ടി. ലക്ഷ്മി, കെ. നാരായണി എന്നിവരെയാണ് പുല്ലൂർ ബ്രാഞ്ചിലേക്ക് മാറ്റിയത്.
എം. കുഞ്ഞമ്പു കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്റായിരുന്ന കാലത്ത് ദിനേശ് ബീഡി ബ്രാഞ്ചിനോടനുബന്ധിച്ച് മെഡിസിറ്റിയുടെ പ്രവർത്തനവും ആരംഭിച്ചിരുന്നു. എന്നാൽ ഡോക്ടർമാരുടെയും രോഗികളുടെയും അഭാവത്തെ തുടർന്ന് മെഡിസിറ്റിയുടെ പ്രവർത്തനം പിന്നീട് നിലച്ചു.
കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എം. കൃഷ്ണനായിരുന്നു പെരിയ ബ്രാഞ്ചിലെ മേസ്തിരിയുടെ ചുമതല വഹിച്ചിരുന്നത്.
