പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയർന്നാൽ അത് പരിഗണിച്ചേക്കുമെന്നാണ് വിവരം. പത്മകുമാറിനായി ഒഴിച്ചിട്ടിരുന്ന ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവിലേക്ക് പുതിയ ആളെ ഉൾപ്പെടുത്താനും നീക്കമുണ്ട്.
ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് പത്മകുമാറിനെ സസ്‌പെൻഡ് ചെയ്ത സാഹചര്യത്തിൽ അവിടെയുണ്ടായ ഒഴിവും നികത്താനാണ് സാധ്യത. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രമേ പത്മകുമാറിനെതിരെ തുടർ നടപടികളിലേക്ക് പോകേണ്ടതുള്ളൂ എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഈ തീരുമാനത്തിൽ നിന്ന് നേതൃത്വം പിന്നോട്ട് പോകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിനിധികളിൽ നിന്ന് പത്മകുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ഒന്നടങ്കം ഉയർന്നാൽ അത് പരിഗണിക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. എ. വിജയരാഘവന്റെ നേതൃത്വത്തിലാണ് നിലവിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി നിയന്ത്രിക്കുന്നത്.
ജില്ലാ കമ്മിറ്റിയിലെയും ജില്ലാ സെക്രട്ടറിയേറ്റിലെയും ഒഴിവുകൾ നികത്താനുള്ള തീരുമാനം പത്മകുമാറിന് കൂടുതൽ പ്രതിസന്ധിയാകും. പത്മകുമാർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ പോലും പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യത ഇതോടെ പൂർണമായും അടയുമെന്നതാണ് പ്രധാന പ്രതിസന്ധി.
പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ 10 അംഗങ്ങളാണുള്ളത്. ആദ്യഘട്ടത്തിൽ പത്മകുമാറിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതെ പിന്നീട് പരിഗണിക്കാമെന്ന നിലയിലാണ് ഒരു ഒഴിവ് മാറ്റിവെച്ചിരുന്നത്. ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ സസ്‌പെൻഷനെ തുടർന്ന് ഉണ്ടായ ഒഴിവും നികത്താൻ തീരുമാനിച്ചാൽ, അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി തുടർനടപടി ഉണ്ടായില്ലെങ്കിലും പാർട്ടിക്കുള്ളിൽ പത്മകുമാറിന്റെ കുരുക്ക് മുറുകുമെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ടയ്ക്ക് പുറമെ കോഴിക്കോടും ഇടുക്കിയിലും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുന്നുണ്ട്. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും സംബന്ധിക്കുന്ന ഇഡി കേസ് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയാകാനുള്ള സാധ്യത കുറവാണ്. അതേസമയം, ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും.
പാർലമെന്ററി രംഗത്ത് സിപിഐഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകാറുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്. എന്നാൽ ഇത്തവണ ബേപ്പൂർ ഒഴികെ എല്ലാ മണ്ഡലങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. മലയോര മേഖലയും തീരദേശ മേഖലയും ഉൾപ്പെടെ സിപിഐഎമ്മിനെ കൈവിടുന്ന സ്ഥിതിയുണ്ടായി.
ഇത്തവണത്തെ തോൽവിയുടെ കാരണങ്ങളും സംഘടനാ വീഴ്ചകളും അവയിൽ വരുത്തേണ്ട തിരുത്തലുകളുമാകും കോഴിക്കോട് നടക്കുന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രധാനമായും ചർച്ചയാകുക. കോഴിക്കോട് ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇഡി നീക്കത്തിനെതിരെ പ്രമേയം ഉൾപ്പെടെ പാസാക്കിയിരുന്നു. എന്നാൽ വിഷയത്തിൽ മുഹമ്മദ് റിയാസിനടക്കം സ്വാധീനമുള്ള ഘടകങ്ങളിൽ നിന്ന് ചർച്ച ഉയരാനുള്ള സാധ്യത കുറവാണെന്നാണ് വിവരം.
