Home Kerala‘യുവതി ഇപ്പോഴും ട്രോമയിൽ, പലരെയും തിരിച്ചറിയുന്നില്ല’; കളമശ്ശേരി അതിക്രമക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ഭർത്താവ്

‘യുവതി ഇപ്പോഴും ട്രോമയിൽ, പലരെയും തിരിച്ചറിയുന്നില്ല’; കളമശ്ശേരി അതിക്രമക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ഭർത്താവ്

by news_desk1
0 comments

കൊച്ചി: കളമശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ഇപ്പോഴും കടുത്ത ട്രോമയിലാണെന്നും പലരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഭർത്താവ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യ നേരിട്ടത് ക്രൂരമായ പീഡനമാണെന്നും ഭർത്താവ് പറഞ്ഞു.

താൻ വീട്ടിലെത്തുമ്പോൾ യുവതിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞു. ഐസ്‌ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും ഭർത്താവ് വ്യക്തമാക്കി.

ക്രൂരമായ പീഡനത്തിനിരയായതിനെ തുടർന്ന് യുവതി നിലവിൽ ട്രോമയിലാണ്. ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുവെച്ച് കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും ഭർത്താവ് ആരോപിച്ചു.

മുമ്പ് ഗർഭച്ഛിദ്രത്തിന് വിധേയയായതിന് പിന്നാലെ യുവതി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നുവെന്നും അതിനാൽ കൃത്യമായ ശ്രദ്ധയും പരിചരണവും നൽകിയാണ് മുന്നോട്ടുപോയിരുന്നതെന്നും ഭർത്താവ് പറഞ്ഞു. മുമ്പുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റൊരു ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവതി.

യുവതിയുടെ ഭർത്താവ് ട്രാവൽസ് ജോലിയുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്ന സമയത്താണ് ജോലിയുമായി ബന്ധപ്പെട്ട അഭിമുഖത്തിനുള്ള സന്ദേശം യുവതിക്ക് ലഭിച്ചത്. അഭിമുഖത്തിന് ശേഷം ജോലി ലഭിച്ചെന്ന് അറിയിച്ച് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ഉപദ്രവിച്ച ശേഷം പ്രതികൾ യുവതിയുടെ ദൃശ്യങ്ങളും പകർത്തിയതായി ഭർത്താവ് പറഞ്ഞു.

രാവിലെ ബോധം വന്നപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. പരാതി നൽകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല യുവതി. സുഹൃത്തുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പ്രതികളിൽ ഒരാൾക്ക് നാല് സ്പാ കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. പ്രതികൾക്ക് മുൻ കേസുകളിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്പായുടെ മറവിൽ സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സ്പായിലെ മാനേജർ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ വിളിച്ചുവരുത്തിയതെന്നാണ് വിവരം. കേസിൽ ശ്രീരാഗ്, ജിത്തു എന്നീ പ്രതികളെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിൽ മറ്റൊരു യുവതിയും ഉൾപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തുന്നതിനായി ദൃശ്യങ്ങൾ ചിത്രീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾക്ക് സ്പായുടെ മറവിൽ ലൈംഗിക വ്യാപാരം നടത്തുന്നവരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.

You may also like