Home Keralaരാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത നടപടി പ്രതിഷേധാർഹം: സണ്ണി ജോസഫ്

രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത നടപടി പ്രതിഷേധാർഹം: സണ്ണി ജോസഫ്

by news_desk1
0 comments

തിരുവനന്തപുരം: വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധർമസമരത്തിന് നേതൃത്വം നൽകിയ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം അകാരണമായി ഇല്ലാതാക്കിയെന്നത് പ്രകടമായ വസ്തുതയാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശത്തെ കശാപ്പ് ചെയ്യുന്ന നിലപാടുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷനിലെ ഭൂരിപക്ഷ അംഗങ്ങളുടെ ന്യായമായ തീരുമാനങ്ങൾ അവഗണിച്ചാണ് നിരവധി പേരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന ആരോപണം ഗൗരവമുള്ളതാണ്. സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്ന തെറ്റായ വാദം പോലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഭാഗത്തുനിന്നുണ്ടായത് തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ മാറ്റണമെന്നാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനും മണിക്കൂറുകൾ നീണ്ട കുത്തിയിരിപ്പ് സമരത്തിനുമൊടുവിലാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുലിനെയും എം.പിമാരെയും ബലമായി കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ആകാശവാണി ഭവൻ വളപ്പ് ഒഴിപ്പിച്ചു. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കസ്റ്റഡിയിലെടുത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും നേതാക്കളും. എന്നാൽ ഈ മാസം 15ന് കാണാമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. നാളെ തന്നെ കാണണമെന്ന ആവശ്യത്തിൽ രാഹുൽ ഉറച്ചുനിന്നതോടെ പൊലീസ് വൻ സന്നാഹവുമായെത്തി. ആദ്യം രാഹുലിന് ചുറ്റുമുണ്ടായിരുന്ന എം.പിമാരെയും പിന്നീട് രാത്രി എട്ടോടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു.

ഇൻഡ്യ മുന്നണി പാർലമെന്റ് സ്ട്രീറ്റിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഭവങ്ങൾക്ക് വേദിയായത്. മാർച്ച് പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയും ഇൻഡ്യ മുന്നണി എം.പിമാരും ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള പൊലീസ് ശ്രമം പലതവണ എം.പിമാർ പ്രതിരോധിച്ചു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിന്റെ ജനൽ വഴി പുറത്തിറങ്ങാനുള്ള രാഹുലിന്റെ ശ്രമവും പരാജയപ്പെട്ടു. നോർത്ത് ഡൽഹിയിലെ കിങ്സ് വേ ക്യാമ്പിലേക്കാണ് നേതാക്കളെ കൊണ്ടുപോയത്.

You may also like