റിയാദ്: പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലെത്തുന്ന വിദഗ്ധ തൊഴിലാളികൾക്ക് ഇനി സ്വന്തം വിസ നടപടികൾക്കൊപ്പം തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയും നേടാം. സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രവാസികൾക്ക് ആശ്വാസമാകുന്ന നിർണായക പരിഷ്കാരം പ്രഖ്യാപിച്ചത്.
ഭർത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരെയാണ് പുതിയ ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശമ്പളം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ വിഭാഗം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും അനുമതി നൽകുക.
വിദേശകാര്യ മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ തൊഴിൽ വിസയിൽ സൗദിയിലെത്തുന്ന വിദഗ്ധ തൊഴിലാളികൾ പ്രവാസരേഖകൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കുടുംബാംഗങ്ങൾക്കായുള്ള വിസ നടപടികൾ ആരംഭിച്ചിരുന്നത്. പുതിയ പരിഷ്കാരത്തോടെ ഈ കാത്തിരിപ്പ് ഒഴിവാകും. തൊഴിലാളിക്ക് സ്വന്തം തൊഴിൽ വിസയുടെ നടപടികൾക്കൊപ്പം തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയ്ക്കും അപേക്ഷിക്കാം.
ജോലിയുമായി ബന്ധപ്പെട്ട നടപടികളും നിശ്ചയിച്ച വ്യവസ്ഥകളും തൊഴിലാളി പൂർത്തിയാക്കുന്നതോടെ കുടുംബാംഗങ്ങൾക്കും എൻട്രി വിസ അനുവദിക്കും.
