Home Keralaരണ്ടാഴ്ചയായി ഓങ്കോളജി ഐസിയുവിൽ എസി തകരാർ; കീമോ കഴിഞ്ഞ ക്യാൻസർ രോഗികൾ കൊടുംചൂടിൽ

രണ്ടാഴ്ചയായി ഓങ്കോളജി ഐസിയുവിൽ എസി തകരാർ; കീമോ കഴിഞ്ഞ ക്യാൻസർ രോഗികൾ കൊടുംചൂടിൽ

by news_desk1
0 comments

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ രണ്ടാഴ്ചയായി എസി പ്രവർത്തനരഹിതം. പ്രത്യേക പരിചരണം ആവശ്യമായ ക്യാൻസർ രോഗികളാണ് ചൂടിൽ കഴിയുന്നത്. 16 കിടക്കകളുള്ള ഐസിയുവിൽ കീമോതെറാപ്പി പൂർത്തിയാക്കിയ രോഗികളുമുണ്ട്.

എസിയുടെ കംപ്രസർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. എസിക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തകരാറിലായ എസിന്റെ ചില ഭാഗങ്ങൾ ലഭ്യമല്ലാത്തതാണ് അറ്റകുറ്റപ്പണി വൈകുന്നതിന് കാരണമെന്നും ആശുപത്രി വിശദീകരിച്ചു.

എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സ്പെഷ്യാലിറ്റി ക്യാൻസർ ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഓങ്കോളജി വിഭാഗം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഐസിയുവിനുള്ളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നത്.

രണ്ടാഴ്ചയായി എസി പ്രവർത്തിക്കാത്തതിനെതിരെ രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും വലിയ പരാതികൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് അവരുടെ ആരോപണം.

ഐസിയുവിലുള്ള ഓരോ രോഗിക്കും പ്രത്യേകം ഫാനുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ പ്രത്യേക പരിചരണം ആവശ്യമായ രോഗികൾക്ക് ഫാൻ മാത്രം മതിയാകില്ലെന്നും ചൂട് അവരുടെ ബുദ്ധിമുട്ട് കൂടുതൽ വർധിപ്പിക്കുകയാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

You may also like