കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ പ്രമേയം പാസാക്കി. 60 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ 10 ബിജെപി അംഗങ്ങൾ എതിർത്തു. മീഞ്ചന്ത ഡിവിഷനിലെ യുഡിഎഫ് കൗൺസിലർ എസ് കെ അബൂബക്കറാണ് പ്രമേയം അവതരിപ്പിച്ചത്.
അടിയന്തര പ്രമേയമെന്ന പരിഗണനയിലാണ് മേയർ പ്രമേയത്തിന് അനുമതി നൽകിയത്. എൽഡിഎഫ് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ എസ്‌ഐആറിന്റെ ആനുകൂല്യം ലഭിച്ചവരാണ് പ്രമേയം അവതരിപ്പിച്ചതെന്ന വിമർശനവും എൽഡിഎഫ് അംഗങ്ങൾ ഉന്നയിച്ചു.
ബിജെപി പ്രമേയത്തെ ശക്തമായി എതിർത്തു. ദേശീയ തലത്തിൽ കോൺഗ്രസ് എസ്‌ഐആറിനെ എതിർക്കുമ്പോൾ സംസ്ഥാന തലത്തിൽ അതിന്റെ ആനുകൂല്യം പറ്റുകയാണെന്നായിരുന്നു ബിജെപിയുടെ വിമർശനം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികളും സിജെപിയും. എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് സിജെപിയുടെ തീരുമാനം. ഒക്ടോബർ 10ന് ജന്തർ മന്തറിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് മുന്നോടിയായാണ് ഇന്നത്തെ പ്രതിഷേധം.
