Home Keralaക്ലിഫ് ഹൗസിലും ഡെങ്കിപ്പനി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അഞ്ച് പൊലീസുകാർക്ക് രോഗബാധ

ക്ലിഫ് ഹൗസിലും ഡെങ്കിപ്പനി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അഞ്ച് പൊലീസുകാർക്ക് രോഗബാധ

by news_desk1
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച് അഞ്ച് പൊലീസുകാർ. ക്ലിഫ് ഹൗസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ ചികിത്സ തേടി.

അതേസമയം, മഴക്കാലത്ത് മാത്രം കണ്ടുവന്നിരുന്ന ഡെങ്കിപ്പനി കേരളത്തിൽ ഇപ്പോൾ വർഷം മുഴുവൻ നിലനിൽക്കുന്ന രോഗമായി മാറുന്നതിന്റെ സൂചനകളാണ് കണക്കുകൾ നൽകുന്നത്. ഈ വർഷം സെപ്റ്റംബർ 24 വരെ സംസ്ഥാനത്ത് 11,281 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 42 പേർ മരിച്ചു. 2025ൽ ആകെ 10,886 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അന്ന് 56 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

സാധാരണ രോഗബാധ കുറയുന്ന ജനുവരിയിൽ പോലും ഈ വർഷം 378 പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും നാലുപേർ മരിക്കുകയും ചെയ്തു. മൺസൂൺ ദുർബലമായിരുന്ന സെപ്റ്റംബറിലെ ആദ്യ 24 ദിവസങ്ങളിൽ മാത്രം 1,330 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഈ വർഷം ജൂണിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,802 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 15 പേർ മരിച്ചു.

സംസ്ഥാനത്ത് ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങളായ ഡെൻവ്-1, ഡെൻവ്-2, ഡെൻവ്-3, ഡെൻവ്-4 എന്നിവയും നിലവിലുണ്ടെന്ന് സംയോജിത രോഗനിരീക്ഷണ പദ്ധതി രേഖകൾ വ്യക്തമാക്കുന്നു. ഒരു വകഭേദം ബാധിച്ച വ്യക്തിക്ക് പിന്നീട് മറ്റൊരു വകഭേദം ബാധിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.

2022ൽ സംസ്ഥാനത്ത് 4,432 ഡെങ്കിപ്പനി കേസുകളും 29 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ ഇത് 17,426 കേസുകളിലേക്കും 153 മരണത്തിലേക്കും ഉയർന്നു. 2024ൽ 20,674 കേസുകളും 128 മരണവും റിപ്പോർട്ട് ചെയ്തു. 2025ൽ കേസുകൾ കുറഞ്ഞെങ്കിലും ഈ വർഷം വീണ്ടും രോഗബാധ ഉയരുന്ന സാഹചര്യമാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

You may also like