Home Top Storiesഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു; മൂന്നാം ദിവസവും തെരുവിൽ പ്രതിപക്ഷം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു; മൂന്നാം ദിവസവും തെരുവിൽ പ്രതിപക്ഷം

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഡൽഹിയിൽ മൂന്നാം ദിവസവും ശക്തമായി തുടരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ മൂന്ന് ബസുകളിലായി രാജ്ഘട്ടിലേക്ക് നീങ്ങി. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്ന് പ്രതിഷേധത്തിൽ അണിചേർന്നു. വിദ്യാർഥി സംഘടനകളും രാഷ്ട്രീയഭേദമന്യേ പ്രതിഷേധത്തിന്റെ ഭാഗമായി.

കൊണാട്ട് പ്ലേസിൽ ഇന്ത്യ മുന്നണിയുടെ യോഗം ചേർന്ന ശേഷമാണ് എംപിമാർ മൂന്ന് ബസുകളിലായി രാജ്ഘട്ടിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സദ്ബുദ്ധി വരാൻ രാജ്ഘട്ടിൽ പ്രാർഥിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്തെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.

ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ സഖ്യം ഇന്ന് കൂടുതൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബുധനാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചവിരുന്നിന് ശേഷമാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

സമരം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. എസ്ഐആറിലൂടെ വോട്ട് നഷ്ടപ്പെട്ടവരെ പങ്കെടുപ്പിച്ച് കർണാടകയിൽ നടത്തിയ പ്രതിഷേധത്തിൽ നടൻ പ്രകാശ് രാജും പ്രവർത്തകനും യൂട്യൂബറുമായ ധ്രുവ് റാഠിയും രൂക്ഷ വിമർശനമുയർത്തി. ഗ്യാനേഷ് കുമാറിനെ ഉപകരണമാക്കുന്ന നരേന്ദ്ര മോദിയും രാജിവെക്കണമെന്ന ആവശ്യവും പ്രതിഷേധത്തിൽ ഉയർന്നു. എസ്ഐആറിലൂടെ വോട്ട് നഷ്ടപ്പെട്ടവരുടെ അനുഭവങ്ങൾ കേട്ട ശേഷമായിരുന്നു ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇരുവരുടെയും പ്രസംഗം.

അതിനിടെ, പ്രതിഷേധം നടക്കുന്നിടത്ത് വൻതോതിൽ പൊലീസ് സേനയെ വിന്യസിച്ചതിനെതിരെ എംപി ജെബി മേത്തർ വിമർശനമുന്നയിച്ചു. “ഇത് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയാണോ, എന്തിനാണ് ഇവിടെ ഇത്രയും സേനയെ വിന്യസിച്ചിരിക്കുന്നത്, ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്?” എന്നായിരുന്നു അവരുടെ ചോദ്യം. എന്ത് തടസ്സങ്ങൾ വന്നാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ യാത്ര തുടരുമെന്നും ജെബി മേത്തർ വ്യക്തമാക്കി.

പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും ബലപ്രയോഗത്തിലും ഡോ. വി. ശിവദാസൻ എംപിയും രൂക്ഷ വിമർശനമുന്നയിച്ചു. ഡൽഹിയിൽ സമരം ചെയ്യാൻ തങ്ങൾക്ക് എവിടെയാണ് ഇടമെന്ന് ചോദിച്ച അദ്ദേഹം, സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് അതിക്രൂരമായാണ് നേരിട്ടതെന്നും ആരോപിച്ചു.

ജനാധിപത്യത്തെ മരിക്കാൻ അനുവദിക്കരുതെന്ന് മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷിയും വ്യക്തമാക്കി. ഭരണഘടനാ ലംഘനമുണ്ടായാൽ സുപ്രീംകോടതി ഇടപെടണമെന്നും തെരഞ്ഞെടുപ്പ് നിഷ്പക്ഷമാകണമെന്നും സർക്കാർ ഉത്തരവാദിത്തബോധം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like