അമേരിക്കൻ കാർഷിക മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കൃഷിച്ചെലവുകൾ കുതിച്ചുയരുകയും ഉൽപ്പന്നങ്ങൾക്ക് പ്രതീക്ഷിച്ച വില ലഭിക്കാതിരിക്കുകയും ചെയ്തതോടെ കർഷകരുടെ കടബാധ്യത സർവകാല റെക്കോർഡിലെത്തി. ഔദ്യോഗിക കണക്കുകളേക്കാൾ ഏറെ വലുതാണ് യഥാർഥ ബാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ചില കർഷക കുടുംബങ്ങൾക്ക് 42 വായ്പാ അക്കൗണ്ടുകൾ വരെയുണ്ടെന്ന കണക്കുകൾ അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കു തന്നെ ആശങ്കയാകുന്നു.
കൃഷിയിടങ്ങളുടെ ദൈനംദിന നടത്തിപ്പിനും ഉൽപ്പാദനത്തിനുമായി അമേരിക്കൻ കർഷകർ എടുക്കുന്ന വായ്പകളുടെ തുക മുൻകാല റെക്കോർഡുകളെല്ലാം മറികടന്നിരിക്കുകയാണ്. അമേരിക്കൻ കൃഷി മന്ത്രാലയത്തിന്റെ കണക്കുകളിൽ ഉൾപ്പെടാത്ത നിരവധി വായ്പകൾ കൂടി കർഷകരുടെ ബാധ്യതയിലുണ്ടെന്നാണ് റിപ്പോർട്ട്. ബാങ്കുകൾക്കു പുറമെ സ്വകാര്യ കമ്പനികൾ, കർഷക സഹകരണ സംഘങ്ങൾ, കാർഷിക യന്ത്രസാമഗ്രി നിർമാതാക്കൾ, സാമ്പത്തിക സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നും കർഷകർ പണം കടമെടുക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാർഷിക ഉൽപ്പന്നങ്ങൾക്ക് അർഹമായ വില ലഭിക്കാത്തതും വളം, വിത്ത്, മറ്റ് ഉൽപ്പാദന സാമഗ്രികൾ എന്നിവയുടെ വില വർധിച്ചതും കർഷകരുടെ ലാഭം ഗണ്യമായി കുറച്ചു. ഇതിനു പിന്നാലെ വ്യാപാര തർക്കങ്ങളും അന്താരാഷ്ട്ര സംഘർഷങ്ങളും പ്രതിസന്ധി രൂക്ഷമാക്കി. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാര തർക്കങ്ങൾ കാർഷിക കയറ്റുമതിയെ ബാധിച്ചു. ഇസ്രായേൽ–ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ധനത്തിന്റെയും വളത്തിന്റെയും വില ഉയർന്നതും കർഷകർക്ക് തിരിച്ചടിയായി.
അമേരിക്കൻ കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ ആകെ കാർഷിക കടം 2000-ൽ 300 ബില്യൺ ഡോളറായിരുന്നു. ഈ വർഷം അത് 605 ബില്യൺ ഡോളറിലധികമായി ഉയർന്നു. ഏകദേശം 50 ലക്ഷം കോടി രൂപയിലധികം വരുന്ന ഈ തുക രാജ്യത്തിന്റെ കാർഷിക കടബാധ്യതയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
അമേരിക്കയിലെ ഏഴ് ദക്ഷിണ, മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിലായി 52-ലധികം വൻകിട കർഷകരുമായി നടത്തിയ അന്വേഷണത്തിലാണ് കടബാധ്യതയുടെ വ്യാപ്തി വ്യക്തമാകുന്നത്. ഭൂരിഭാഗം കർഷകർക്കും ഏഴ് മുതൽ പത്ത് വരെ വ്യത്യസ്ത വായ്പാ അക്കൗണ്ടുകളുണ്ട്. ചിലർക്ക് ഇത് മുപ്പതിലധികമാണ്. അയോവയിലെ ഒരു കർഷക കുടുംബത്തിന് മാത്രം 42 വായ്പാ അക്കൗണ്ടുകളുണ്ടെന്നാണ് റിപ്പോർട്ട്.
ട്രാക്ടറുകളും മറ്റ് കാർഷിക യന്ത്രങ്ങളും വാങ്ങുമ്പോഴോ പാട്ടത്തിനെടുക്കുമ്പോഴോ ഡീലർമാർ ഓരോ ഇടപാടിനും പ്രത്യേകം വായ്പാ അക്കൗണ്ടുകൾ നിർബന്ധമാക്കുന്നതാണ് അക്കൗണ്ടുകളുടെ എണ്ണം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കടബാധ്യതയുടെ യഥാർഥ വ്യാപ്തി ഔദ്യോഗിക കണക്കുകളിൽ പൂർണമായി പ്രതിഫലിക്കുന്നില്ലെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്.
കാർഷിക മേഖലയിലെ ഈ പ്രതിസന്ധി കർഷകരിൽ മാത്രം ഒതുങ്ങാതെ അമേരിക്കയുടെ സമ്പദ്വ്യവസ്ഥയിലേക്കും വ്യാപിക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ. ഉൽപ്പാദനച്ചെലവുകൾ വർധിക്കുകയും വരുമാനം ഇടിയുകയും ചെയ്യുന്ന സാഹചര്യം തുടർന്നാൽ കർഷകരുടെ സാമ്പത്തിക നില കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പും ഉയരുന്നു.
