തൃശൂർ: തൃശൂരിന്റെ ആധ്യാത്മിക, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ ആറു പതിറ്റാണ്ടോളം സജീവ സാന്നിധ്യമായി പ്രവർത്തിച്ച പ്രൊഫ. ടി.കെ. ദേവനാരായണന് ഈ വർഷത്തെ പ്രൊഫ. എം. മാധവൻകുട്ടി സ്മാരക പുരസ്കാരം. തൃശൂർ പൂരപ്രേമി സംഘം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ദേവനാരായണനെ വിധിനിർണയ സമിതി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ. എം. മാധവൻകുട്ടിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നവംബർ 28ന് തൃശൂരിൽ പുരസ്കാരം സമ്മാനിക്കും.
1940 ജൂലൈ 25ന് തൃശൂർ പഴയനടക്കാവിൽ ബാങ്കറായിരുന്ന എസ്.ഡി. കൃഷ്ണയ്യരുടെയും വി. അമ്മാളുഅമ്മയുടെയും മകനായാണ് ടി.കെ. ദേവനാരായണൻ ജനിച്ചത്. തൃശൂർ സി.എം.എസ്. സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സെന്റ് തോമസ് കോളേജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് അതേ കോളേജിൽ ഭൗതികശാസ്ത്ര അധ്യാപകനായി 32 വർഷം സേവനമനുഷ്ഠിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് ശിഷ്യരിൽ സർവകലാശാല വൈസ് ചാൻസലർമാർ, അധ്യാപകർ, മന്ത്രിമാർ, മതമേലധ്യക്ഷന്മാർ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ഉൾപ്പെടുന്നു.
വടക്കുന്നാഥ ക്ഷേത്രത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ദേവനാരായണൻ. 1973ൽ ക്ഷേത്രക്ഷേമ സമിതി രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. ശിവരാത്രിയോടനുബന്ധിച്ചുള്ള ലക്ഷാർച്ചനയും അന്താരാഷ്ട്ര നൃത്തോത്സവവും ആരംഭിക്കുന്നതിലും അദ്ദേഹം പങ്കാളിയായി. 1982, 1995, 2016 വർഷങ്ങളിൽ നടന്ന നവീകരണ കലശങ്ങളുടെ നടത്തിപ്പിലും നിർണായക സംഭാവനകൾ നൽകി. വടക്കുന്നാഥ ക്ഷേത്രത്തിന് യുനെസ്കോ അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ക്ഷേത്രത്തിലെ നിർമാണപ്രവൃത്തികൾക്കായി ടി.വി.എസ്. ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചതിൽ അദ്ദേഹം സംതൃപ്തനാണ്.
തൃശൂർ പൂരം പ്രദർശന കമ്മിറ്റി, ചിന്മയ മിഷൻ, ത്യാഗബ്രഹ്മ സംഗീതസഭ, പഴയനടക്കാവ് പാണ്ടി സമൂഹമഠം, പാണ്ടി സമൂഹമഠം ധർമശാസ്താ ക്ഷേത്രം, കേരള ബ്രാഹ്മണ സഭ, സത്യസായി സേവാ സമിതി തുടങ്ങിയ സംഘടനകളിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രഥമ വടക്കുന്നാഥൻ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ദീർഘകാലം തിരുവമ്പാടി ദേവസ്വം പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ച പ്രൊഫ. എം. മാധവൻകുട്ടിയുടെ സഹപാഠിയും സന്തതസഹചാരിയും ആത്മമിത്രവുമായിരുന്നു ദേവനാരായണൻ. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പൂരപ്രേമി സംഘം ഏർപ്പെടുത്തിയ പുരസ്കാരമാണ് ഇപ്പോൾ ദേവനാരായണനെ തേടിയെത്തുന്നത്. പുഷ്പയാണ് ഭാര്യ. ദീപ ദേവനാരായണൻ, രാം ദേവനാരായണൻ എന്നിവർ മക്കളും ആനന്ദ് നാരായണൻ, സായ് പ്രിയ നടരാജൻ എന്നിവർ മരുമക്കളുമാണ്.
പൂരപ്രേമി സംഘം ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്കാരവും പ്രഖ്യാപിച്ചു. തിരുവമ്പാടി ദേവസ്വത്തിനു കീഴിലുള്ള സാന്ദീപനി വിദ്യാനികേതൻ സ്കൂളിലെ പ്ലസ് ടു വിഭാഗത്തിൽ ഗണിതശാസ്ത്രത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ശ്രീയേഷ് പി.ക്കാണ് പുരസ്കാരം. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
തൃശൂർ പൂരത്തോടനുബന്ധിച്ച് സംഘം നടത്തിയ പൂരം പ്രശ്നോത്തരിയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജീവ് വേണുഗോപാൽ, ശ്രീഹരി സി. നായർ, നിധിൽ കെ.എം., ശ്രീവല്ലഭൻ പി., ആദ്യ സതീഷ് എന്നിവർക്ക് യഥാക്രമം 10,000, 5,000, 3,000, 1,500, 1,000 രൂപയും ഫലകവും സമ്മാനമായി നൽകും.
പൂരപ്രേമി സംഘം രക്ഷാധികാരിയും പാറമേക്കാവ് ദേവസ്വം മുൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വി. നന്ദകുമാർ ചെയർമാനും തിരുവമ്പാടി ദേവസ്വം മുൻ സെക്രട്ടറിയും പൂരപ്രദർശന കമ്മിറ്റി മുൻ സെക്രട്ടറിയുമായ എം. രവികുമാർ, പെരിങ്ങാവ് ദേവസ്വം സെക്രട്ടറി അഡ്വ. എൻ.സി. മനോജ്കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ടും സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിലും അറിയിച്ചു.
