ന്യൂഡൽഹി: ജന്തർ മന്ദറിലെ മിന്നൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.ജെ.പി നേതാക്കളെ റിമാൻഡ് ചെയ്ത നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. ജന്തർ മന്ദറിലെ പ്രതിഷേധം രാജ്യവ്യാപക പ്രക്ഷോഭമായി മാറുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയ അദ്ദേഹം, തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ കേന്ദ്ര സർക്കാർ ഇടപെടുന്നത് എന്തിനാണെന്നും ചോദിച്ചു.
ജന്തർ മന്ദറിൽ സമാധാനം തകർക്കുന്ന രീതിയിലുള്ള പ്രതിഷേധമല്ല നടന്നതെന്നും വെറും 12 യുവാക്കൾ മാത്രമാണ് സമരത്തിൽ പങ്കെടുത്തതെന്നും പ്രകാശ് രാജ് പറഞ്ഞു. ഇതിന്റെ പേരിൽ നേതാക്കളെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തത് രാജ്യത്തെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി പ്രവർത്തകർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലജ്ജിക്കണമെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കേന്ദ്ര സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും മോദിക്കും അമിത് ഷായ്ക്കും അധികാരം നഷ്ടപ്പെടുമെന്ന ഭയമാണെന്നും പ്രകാശ് രാജ് ആരോപിച്ചു. എസ്.ഐ.ആർ നടപടികൾ റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, എസ്.ഐ.ആർ ഇപ്പോൾ തുടങ്ങിയ ഗൂഢാലോചനയല്ലെന്നും 2024ലെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടും സംശയങ്ങളുണ്ടെന്നും ആരോപിച്ചു. ഈ വിഷയങ്ങളിൽ രാജ്യത്തെ യുവാക്കൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകം മുഴുവൻ പരിഹസിക്കുകയാണെന്നും സ്വന്തം സൈന്യത്തെയും പൊലീസിനെയും രാജ്യത്തെ യുവാക്കൾക്കെതിരെ ഉപയോഗിക്കുന്ന ഭരണാധികാരിയാണ് മോദിയെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് പൗരന്മാരെ ഭീഷണിപ്പെടുത്തുകയാണെന്നും കേന്ദ്ര സർക്കാരും ബി.ജെ.പിയും ഭയന്നുതുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ‘ചെറുപ്പത്തിൽ മുതലയെ പിടിച്ചയാൾക്ക് പാറ്റകളെ പേടിയോ’ എന്ന പരിഹാസവും അദ്ദേഹം ഉയർത്തി.
ജന്തർ മന്ദറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെയാണ് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. പ്രതിഷേധത്തിന് അനുമതി നിഷേധിച്ചാൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.ജെ.പി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി ഡൽഹി പൊലീസിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് സി.ജെ.പി പ്രവർത്തകർ ജന്തർ മന്ദറിലെത്തി. അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തിൽ മതിൽ ചാടിക്കടന്നെത്തിയ പ്രവർത്തകർ ദേശീയ പതാക ഉയർത്തി പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ സി.ജെ.പി സഹവക്താക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിഹാർ ജയിലിലേക്ക് മാറ്റി. മറ്റൊരു പ്രവർത്തകനായ അജിൻക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജന്തർ മന്ദർ പ്രതിഷേധ വേദിയായി തുടരണമെന്ന ആവശ്യവുമായി സമരരംഗത്തുള്ള സംഘടനകൾ കൂടുതൽ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ്.
