ന്യൂഡൽഹി: ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തതിന്റെ പേരിൽ മാത്രം പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കില്ലെന്ന് സുപ്രീംകോടതി. തമിഴ്നാട് സർക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും നൽകിയ ഹർജികൾ തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചത്.
മതപരിവർത്തനം നടത്തുന്നതിലൂടെ ഒരാളുടെ മുൻകാല സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിന്റെ പദവിയിലേക്ക് സ്വാഭാവികമായി കൈമാറപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ അടിസ്ഥാനമില്ലാതെ മതം മാറിയെന്ന കാരണത്താൽ മാത്രം സംവരണ ആനുകൂല്യം അനുവദിക്കുന്നത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
2015-ൽ ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയ വ്യക്തി, 2016-ൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ സമീർ അഹമ്മദ് എന്ന പേര് സ്വീകരിച്ചിരുന്നു. തുടർന്ന് തമിഴ്നാട് സർക്കാർ ഇയാൾക്ക് സംവരണ ആനുകൂല്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് കേസ് കോടതിയിലെത്തിയത്.
ഹർജിക്കാരുടെ വാദം അംഗീകരിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് തമിഴ്നാട് സർക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല.
പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നതിനും പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിനും സർക്കാർ നിയമപരമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതുകൊണ്ടുമാത്രം സംവരണത്തിന് അർഹത സൃഷ്ടിക്കാനാവില്ലെന്നും വിധി വ്യക്തമാക്കുന്നു.
