ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ പ്രതിഷേധം ശക്തമായതോടെ 106-ാം സ്ഥാപകദിനാഘോഷങ്ങൾ റദ്ദാക്കി അധികൃതർ. ഒക്ടോബർ 29 മുതൽ നവംബർ ഒന്ന് വരെ ‘തഅ്ലീമി മേള’ എന്ന പേരിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികളാണ് ഉപേക്ഷിച്ചത്. കാമ്പസിൽ സാധാരണനില പുനഃസ്ഥാപിക്കാനാകാത്ത സാഹചര്യത്തിൽ വിദ്യാർഥികളുടെയും അതിഥികളുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ചീഫ് ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ അറിയിച്ചു.
2006ൽ പിരിച്ചുവിട്ട ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 12നാണ് അഞ്ച് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ കാമ്പസിൽ പ്രതിഷേധം കൂടുതൽ ശക്തമായി. വിദ്യാർഥികളുടെ സമരം തുടരുന്നതിനാൽ സർവകലാശാലയിലെ പതിവ് പ്രവർത്തനങ്ങളെയും ആഘോഷപരിപാടികളെയും ഇത് ബാധിച്ചിരിക്കുകയാണ്.
പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ സർവകലാശാല ഉന്നതതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. വിദ്യാർഥി യൂണിയന് പുതിയ ഭരണഘടന തയ്യാറാക്കുന്നതിനായി അഞ്ചംഗ സമിതിയെയും നിയോഗിച്ചു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ പുനഃപരിശോധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
എന്നാൽ, സർവകലാശാലയുടെ നടപടികളിൽ വിദ്യാർഥികൾ പൂർണ തൃപ്തരല്ല. വിദ്യാർഥികൾ തന്നെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രധാന ആവശ്യം. മൂന്ന് വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികൾ പൂർണമായി പിൻവലിക്കുക, പ്രോക്ടറെയും സെക്യൂരിറ്റി അഡ്വൈസറെയും ചുമതലകളിൽനിന്ന് നീക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ടുവയ്ക്കുന്നു.
