Home Top Storiesസിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് വീണ്ടും ഇഡി സമൻസ്; പുതിയ തീയതി ഉടൻ

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് വീണ്ടും ഇഡി സമൻസ്; പുതിയ തീയതി ഉടൻ

by news_desk1
0 comments

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിണറായി വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പുതിയ തീയതി നിശ്ചയിച്ച് ഉടൻ സമൻസ് അയക്കാനാണ് നീക്കം. നിലവിലെ സമൻസിൽ ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ അറിയിച്ചതും അദ്ദേഹത്തിന്റെ മറുപടി പരിശോധിച്ചതും പിന്നാലെയാണ് ഇഡി അടുത്ത നടപടികളിലേക്ക് കടക്കുന്നത്.

സുപ്രീംകോടതിയുടെ ഉത്തരവ് അന്വേഷണത്തിന് തടസ്സമാകില്ലെന്നാണ് ഇഡിക്ക് ലഭിച്ച നിയമോപദേശമെന്നാണ് വിവരം. അതിനാൽ വീണ്ടും സമൻസ് അയച്ച് ചോദ്യം ചെയ്യൽ നടപടികളുമായി മുന്നോട്ടുപോകാമെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. ഇഡിയുടെ സമൻസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിൽ പ്രത്യേക പരാമർശമില്ലെന്നതും അന്വേഷണവുമായി മുന്നോട്ടുപോകാൻ തടസ്സമല്ലെന്നാണ് ഏജൻസിയുടെ നിലപാട്.

നിയമസഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് നിലവിലെ സമൻസനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ ഇഡിയെ അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഒക്ടോബർ 23ന് രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെത്തിയ ഉദ്യോഗസ്ഥർ അദ്ദേഹം വീട്ടിലില്ലാത്തതിനാൽ നോട്ടീസ് ചുവരിൽ പതിച്ചാണ് മടങ്ങിയത്.

ഒക്ടോബർ 23ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതായും പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീയതി നിശ്ചയിച്ച് വീണ്ടും സമൻസ് അയക്കാനുള്ള നീക്കം. പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിനായി ഇഡി വിപുലമായ ഒരുക്കങ്ങൾ നടത്തിയതായാണ് വിവരം. ചെന്നൈയിലെ സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഇതിനായി എത്തിയിരുന്നു.

അതിനിടെ, കേസുമായി ബന്ധപ്പെട്ട വിജിലൻസ് നടപടികളിലും നിർണായക നീക്കങ്ങൾ ഉണ്ടായേക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഇന്ന് ഉന്നയിച്ചേക്കുമെന്നാണ് വിവരം. അപ്പീൽ നാളെ പരിഗണിക്കണമെന്ന് ആവശ്യപ്പെടാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

You may also like