കോഴിക്കോട്: പി.എസ്.സി. വഴി ജോലി ലഭിച്ചതിന്റെ ആശ്വാസം അധികകാലം നീണ്ടില്ല. കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ ജീവനക്കാരുടെ തസ്തികമാറ്റവുമായി ബന്ധപ്പെട്ട വിവാദ നടപടികൾ കാരണം പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം. അഞ്ചുവർഷത്തെ സേവനകാലാവധി പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കാതെ ജീവനക്കാർക്ക് നൽകിയ തസ്തികമാറ്റം സർക്കാർ റദ്ദാക്കിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.
ജില്ലാ കലക്ടറേറ്റിൽ അഞ്ചുവർഷത്തെ നിർബന്ധിത സേവനകാലാവധി പൂർത്തിയാക്കാതെ കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയെന്നാണ് ആരോപണം. സമാന രീതിയിൽ നിരവധി പേർക്ക് തസ്തികമാറ്റം അനുവദിച്ചിട്ടുണ്ടെന്നും ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് നടപടികൾ സ്വീകരിച്ചതെന്നും വിമർശനമുണ്ട്.
അതേസമയം, സ്പെഷ്യൽ റൂളിൽ അഞ്ചുവർഷത്തെ സേവനകാലാവധി പൂർത്തിയാക്കണമെന്ന നിബന്ധനയില്ലെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. മുൻപും സമാനമായ രീതിയിൽ ജീവനക്കാർക്ക് തസ്തികമാറ്റം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, മാനദണ്ഡങ്ങൾ ലംഘിച്ച് തസ്തികമാറ്റം നൽകിയ അഞ്ച് ജീവനക്കാരുടെ ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഇതോടെ ഇവരെ മുൻപ് ജോലി ചെയ്തിരുന്ന ടൈപ്പിസ്റ്റ്–ക്ലാർക്ക് തസ്തികയിലേക്ക് തിരിച്ചുനിയമിച്ചു. ഈ തീരുമാനമാണ് പി.എസ്.സി. വഴി പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെ പ്രതിസന്ധിയിലാക്കിയത്.
പഴയ തസ്തികകളിലേക്ക് ജീവനക്കാർ തിരിച്ചെത്തിയതോടെ അവിടെ പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഉദ്യോഗസ്ഥതലത്തിലെ ചട്ടലംഘനവും നടപടിക്രമങ്ങളിലെ വീഴ്ചയുമാണ് തങ്ങളുടെ തൊഴിൽസുരക്ഷയെ ബാധിച്ചതെന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. സർക്കാർ നടപടികളുടെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് തെറ്റൊന്നും ചെയ്യാത്ത പുതിയ നിയമനക്കാരാണെന്ന വിമർശനവും ശക്തമാണ്.
