തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളൊന്നും ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അച്ചടക്ക പ്രശ്നങ്ങളിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ നിയമനടപടികൾ സ്വീകരിക്കണം. അതേസമയം, കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ അച്ചടക്കത്തിന്റെ പേരിൽ ക്ലാസിൽനിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
കുട്ടികളുടെ അന്തസ്സിനെ ബാധിക്കുമെന്ന കാരണത്താൽ ബാഗ് പരിശോധന നേരത്തേ ബാലാവകാശ കമ്മീഷൻ വിലക്കിയിരുന്നു. എന്നാൽ, വിദ്യാർത്ഥി ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് ബാഗ് പരിശോധിക്കാമെന്നും ഇതിന്റെ പേരിൽ നടപടിയുണ്ടാകില്ലെന്നുമാണ് പുതിയ നിർദേശം.
