തിരുവനന്തപുരം: പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരുക്ക്. മിന്നലിൽ ഡിപ്പോയിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. നാല് കംപ്യൂട്ടറുകൾക്കും കേടുപാടുണ്ടായി. സ്റ്റേഷൻ മാസ്റ്റർ സാബു ഉൾപ്പെടെയുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മിനിസ്റ്റീരിയൽ ജീവനക്കാരായ ശോഭ, രേഖ, സെലിന് മേരി, ജയ എന്നിവർക്കും സ്റ്റേഷൻ മാസ്റ്റർ സാബുവിനുമാണ് മിന്നലേറ്റത്. പരുക്കേറ്റ നാല് വനിതാ ജീവനക്കാരെ പാറശ്ശാല സർക്കാർ ആശുപത്രിയിലും സാബുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
