Home Keralaഭക്ഷണം കിട്ടാതെ ഗോപാലൻ ആനയ്ക്ക് പോഷകാഹാരക്കുറവ്; കാലുകളിൽ മുറിവുകളും വ്രണങ്ങളും, ഉടമയ്ക്കും പാപ്പാനുമെതിരെ കേസ്

ഭക്ഷണം കിട്ടാതെ ഗോപാലൻ ആനയ്ക്ക് പോഷകാഹാരക്കുറവ്; കാലുകളിൽ മുറിവുകളും വ്രണങ്ങളും, ഉടമയ്ക്കും പാപ്പാനുമെതിരെ കേസ്

by news_desk1
0 comments

കോഴിക്കോട്: മതിയായ ഭക്ഷണവും പരിചരണവും ലഭിക്കാതെ പോഷകാഹാരക്കുറവും കാലുകളിൽ മുറിവുകളുമായി ആന. ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളത്തെ ‘ചെറിയപറമ്പത്ത് ഗോപാലൻ’ എന്ന ആനയുടെ ഉടമ എകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥനും പാപ്പാനും എതിരെയാണ് വനംവകുപ്പ് കേസെടുത്തത്.

ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം ഉടമയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ആനയുടെ രക്തസാമ്പിൾ പൂക്കോട് വെറ്ററിനറി കോളേജിലേക്ക് പരിശോധനയ്ക്കായി അയച്ചു. റിപ്പോർട്ടിൽ കടുത്ത പോഷകാഹാരക്കുറവും പരിചരണത്തിലെ വീഴ്ചയും കണ്ടെത്തിയതോടെയാണ് നടപടി.

കഴിഞ്ഞ 23ന് നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ നിർദേശിച്ചിട്ടുള്ള ഭക്ഷണം ആനയ്ക്ക് നൽകുന്നില്ലെന്ന് സ്ഥിരീകരിച്ചു. ഇത് ആനയുടെ കടുത്ത ക്ഷീണത്തിന് കാരണമായതായും കണ്ടെത്തി. കാലുകളിൽ ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകളും വ്രണങ്ങളും പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടു. രോഗാവസ്ഥയിലായിരുന്നിട്ടും ആനയെ തടി പിടിപ്പിക്കുന്ന ജോലിക്ക് കൊണ്ടുപോയെന്ന ആരോപണവുമുണ്ട്.

നിലവിൽ സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് ആനയുടെ ഭക്ഷണക്രമവും പരിചരണവും. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റേഞ്ച് ഓഫീസർ കെ.എൻ. ദിവ്യ പറഞ്ഞു.

അതേസമയം, ക്ഷീണത്തെ തുടർന്ന് ആന തൃശ്ശൂരിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്ന് ഉടമ സി.പി. സത്യനാഥൻ പറഞ്ഞു. കഴിഞ്ഞ തൃശ്ശൂർ പൂരത്തിലാണ് അവസാനമായി ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുപോയതെന്നും സമീപകാലത്ത് തടി പിടിപ്പിക്കുന്നതിനോ മറ്റ് ഭാരമുള്ള ജോലികൾക്കോ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like