തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ ചോദ്യം ചെയ്ത് വീണ ടി ഹൈക്കോടതിയിൽ. ഇ.ഡി വിഷയത്തിൽ ഇടപെടുകയാണെന്നും അന്വേഷണം സംബന്ധിച്ച നീക്കം നിലവിലുള്ള കോടതി ഉത്തരവുകളെ മറികടന്നാണെന്നുമാണ് വീണയുടെ വാദം. പരാതിക്കാരനായ കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയുണ്ടെന്നും അവർ കോടതിയിൽ ആരോപിച്ചു.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. സിംഗിൾ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയിലേക്ക് കടന്നുവെന്നും ഭരണനിർവഹണ വിഭാഗത്തിന്റെ ജോലിയാണ് നിർവഹിച്ചതെന്നും വീണയുടെ അഭിഭാഷകൻ വാദിച്ചു. എതിർകക്ഷികൾക്ക് തങ്ങളുടെ വാദങ്ങൾ അറിയിക്കാൻ മതിയായ അവസരം നൽകിയില്ലെന്നും വാദമുയർന്നു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കേസിൽ നിലനിൽക്കില്ലെന്നാണ് വീണയുടെ നിലപാട്. അന്വേഷണം നടത്തണമോയെന്നത് സംസ്ഥാന ഏജൻസിയുടെ സ്വതന്ത്ര തീരുമാനമായിരിക്കണമെന്നും അവർ വാദിച്ചു. സമാന വിഷയവുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ.ഒ അന്വേഷണത്തിലെ തുടർനടപടികൾക്ക് ഡൽഹി ഹൈക്കോടതി സ്റ്റേ നൽകിയിട്ടുണ്ടെന്നും ആ ഉത്തരവ് മറികടന്നാണ് ഇ.ഡി നീങ്ങുന്നതെന്നും വീണ കോടതിയെ അറിയിച്ചു.
കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന വാദം ഉയർന്നപ്പോൾ, ഷാജഹാന് രാഷ്ട്രീയക്കാരനാണോയെന്ന് ഹൈക്കോടതി ചോദിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നുവെന്നും പിന്നീട് സി.പി.ഐ.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും വീണ മറുപടി നൽകി.
സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമാണോയെന്നതാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള പ്രധാന വിഷയം.
