സ്വാശ്രയ കോഴ്സുകൾക്ക് നിയന്ത്രണമില്ലാത്ത അനുമതി, പൊതുവിദ്യാഭ്യാസത്തിന്റെ തുല്യനീതി തകർക്കരുത്
വിദ്യാഭ്യാസം ഒരു സേവനമാണ്; ലാഭം കൊയ്യാനുള്ള വിപണിയല്ല. ഒരു സമൂഹത്തിന്റെ ഭാവിയും സാമൂഹികനീതിയുടെ അടിത്തറയും നിർണയിക്കുന്ന മേഖലയെ സാമ്പത്തിക താൽപര്യങ്ങൾക്കു വിട്ടുകൊടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം തലമുറകളെയാണ് ബാധിക്കുക. എയ്ഡഡ്, സ്വയംഭരണ കോളജുകളിൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാനും നിലവിലുള്ളവയിൽ സീറ്റുകൾ വർധിപ്പിക്കാനും സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്ന തീരുമാനം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ നയത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പ്രവേശനം പൂർത്തിയായശേഷം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ കേവലം നടപടിക്രമത്തിലെ ഇളവല്ല. ഫലപ്രദമായ പൊതുനിയന്ത്രണത്തിൽനിന്ന് മാനേജ്മെന്റുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന നയമാറ്റമാണ്. അധ്യാപകരുടെ ലഭ്യത, അടിസ്ഥാനസൗകര്യം, പഠനനിലവാരം, വിദ്യാർഥികളുടെ തൊഴിൽസാധ്യത, ഫീസ് ഘടന തുടങ്ങിയവ മുൻകൂട്ടി പരിശോധിക്കാതെ കോഴ്സുകളും സീറ്റുകളും വർധിപ്പിക്കാൻ അനുമതി നൽകുന്നത് ഉത്തരവാദിത്തമുള്ള ഭരണനടപടിയാകില്ല. ഈ തീരുമാനത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം മുൻകാല രാഷ്ട്രീയ നിലപാടുകളുമായുള്ള പ്രകടമായ മാറ്റമാണ്. എയ്ഡഡ് കോളജുകളിൽ സ്വാശ്രയ കോഴ്സുകൾ വ്യാപിപ്പിച്ച യു.ഡി.എഫ് ഭരണകാലത്ത് അതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പൊതുസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഉയർന്ന ഫീസ് ഈടാക്കുന്ന കോഴ്സുകൾ അനുവദിക്കുന്നത് വിദ്യാഭ്യാസത്തിലെ തുല്യാവസരങ്ങളെ ബാധിക്കുമെന്നായിരുന്നു അന്നത്തെ പ്രധാന ആശങ്ക. പിന്നീട് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാരും പുതിയ സ്വാശ്രയ സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. നിലവിലുള്ള സീറ്റുകൾ പൂർണമായി വിനിയോഗിക്കാത്ത സാഹചര്യത്തിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കേണ്ടതില്ലെന്ന നിലപാടും സ്വീകരിച്ചു. എന്നാൽ മുൻകാല നിയന്ത്രണങ്ങളിൽനിന്നുള്ള സമ്പൂർണമായ പിന്മാറ്റമാണ് പുതിയ ഉത്തരവിലൂടെ പ്രകടമാകുന്നത്. സെപ്റ്റംബറിൽ മുൻകൂർ അനുമതി നിർബന്ധമാക്കിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് നവംബറിൽ അതേ വ്യവസ്ഥ പിൻവലിച്ചത് നയപരമായ സ്ഥിരതയെക്കുറിച്ചും തീരുമാനത്തിന്റെ പിന്നിലെ താൽപര്യങ്ങളെക്കുറിച്ചും സംശയങ്ങൾക്കിടയാക്കുന്നു. മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചർച്ചയ്ക്കു പിന്നാലെയുണ്ടായ ഈ മാറ്റം അവരുടെ സമ്മർദത്തിന് സർക്കാർ വഴങ്ങിയതാണെന്ന വിമർശനവും അവഗണിക്കാനാവില്ല. തൊഴിൽസാധ്യതയുള്ള പുതിയ കോഴ്സുകൾ ആരംഭിക്കാൻ കോളജുകൾക്ക് അക്കാദമിക സ്വാതന്ത്ര്യം വേണമെന്ന വാദത്തിൽ കഴമ്പുണ്ട്. എന്നാൽ അക്കാദമിക സ്വയംഭരണം എന്നത് സാമ്പത്തിക താൽപര്യങ്ങൾക്കനുസരിച്ച് കോഴ്സുകൾ തീരുമാനിക്കാനുള്ള അനിയന്ത്രിത അധികാരമല്ല. വിപണിയുടെ ആവശ്യകത മാത്രം നോക്കി വിദ്യാഭ്യാസത്തിന്റെ ദിശ നിശ്ചയിക്കാനുമാവില്ല. വിദ്യാർഥികളുടെ ഭാവി, പഠനത്തിന്റെ ഗുണമേന്മ, സാമൂഹികമായ ആവശ്യകത എന്നിവയും തുല്യപ്രാധാന്യത്തോടെ പരിഗണിക്കപ്പെടണം. പൊതുപണവും സാമൂഹിക പിന്തുണയും കൊണ്ട് വളർന്ന എയ്ഡഡ് കോളജുകളിൽ ഉയർന്ന ഫീസ് ഈടാക്കുന്ന സ്വാശ്രയ കോഴ്സുകൾ വർധിക്കുന്നത് പൊതുസേവനവും സ്വകാര്യലാഭവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയും. സാമ്പത്തികശേഷിയുള്ളവർക്ക് ഇഷ്ടപ്പെട്ട കോഴ്സുകളും മികച്ച അവസരങ്ങളും ലഭിക്കുകയും സാധാരണക്കാരുടെ മക്കൾക്ക് സാമ്പത്തിക പരിമിതികൾ കാരണം അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം കേരളം നേടിയെടുത്ത വിദ്യാഭ്യാസനീതിയുടെ അടിത്തറയെ തകർക്കും. ഉന്നതവിദ്യാഭ്യാസം സമ്പന്നരുടെ മാത്രം അവകാശമായി മാറാൻ പാടില്ല. സർക്കാരിന് നേരിട്ട് സാമ്പത്തികബാധ്യതയുണ്ടാകില്ലെന്ന ന്യായീകരണം ഈ ഉത്തരവിനെ സാധൂകരിക്കുന്നില്ല. വിദ്യാഭ്യാസത്തിന്റെ സാമൂഹികബാധ്യത സർക്കാരിന്റെ ഖജനാവിൽനിന്നുള്ള ചെലവിൽ മാത്രം ഒതുങ്ങുന്നതല്ല. പൊതുസമൂഹത്തിന്റെ വിഭവങ്ങളും പിന്തുണയും ഉപയോഗിച്ച് വളർന്ന സ്ഥാപനങ്ങൾ ജനങ്ങളോടും വിദ്യാർഥികളോടും ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ട്. ലാഭനഷ്ടക്കണക്കുകൾക്കപ്പുറം മനുഷ്യവിഭവശേഷിയുടെയും സാമൂഹിക പുരോഗതിയുടെയും അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസത്തെ വിലയിരുത്തേണ്ടത്. കേരളത്തിന് വേണ്ടത് സ്വാശ്രയ കോഴ്സുകളുടെ എണ്ണത്തിലുള്ള വർധന മാത്രമല്ല; ഗുണമേന്മയുള്ളതും താങ്ങാനാവുന്ന ഫീസിലുള്ളതുമായ ഉന്നതവിദ്യാഭ്യാസമാണ്. അതിന് അക്കാദമിക സ്വാതന്ത്ര്യത്തോടൊപ്പം സുതാര്യമായ അനുമതിപ്രക്രിയയും ശക്തമായ പൊതുനിയന്ത്രണവും അനിവാര്യമാണ്. അധ്യാപകരുടെ ലഭ്യത, അടിസ്ഥാനസൗകര്യം, ഫീസ്, സംവരണം, പ്രവേശനത്തിലെ നീതി, തൊഴിൽസാധ്യത എന്നിവ ഉറപ്പാക്കിയശേഷം മാത്രമേ പുതിയ കോഴ്സുകൾക്കും സീറ്റുകൾക്കും അനുമതി നൽകാവൂ. വിദ്യാഭ്യാസത്തിന്റെ വാതിലുകൾ കൂടുതൽ വിദ്യാർഥികൾക്കായി തുറക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്തം; സാമ്പത്തികശേഷിയുള്ളവർക്ക് മാത്രം കൂടുതൽ വാതിലുകൾ തുറന്നുകൊടുക്കുകയല്ല. മുൻകാലങ്ങളിൽ ഉയർത്തിപ്പിടിച്ച നിലപാടുകൾക്ക് വിരുദ്ധമായ ഈ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കണം. വിദ്യാഭ്യാസം കച്ചവടച്ചരക്കല്ല; അത് ഒരു തലമുറയുടെ അവകാശവും നാടിന്റെ ഭാവിയുമാണ്.
