Home Kerala‘ഹൈക്കോടതി ഉത്തരവ് വരട്ടെ’; ക്രൈംബ്രാഞ്ച് നോട്ടീസിന് വഴങ്ങാതെ പി.എസ്.സി ചെയർമാൻ, ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകില്ല

‘ഹൈക്കോടതി ഉത്തരവ് വരട്ടെ’; ക്രൈംബ്രാഞ്ച് നോട്ടീസിന് വഴങ്ങാതെ പി.എസ്.സി ചെയർമാൻ, ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകില്ല

by news_desk1
0 comments

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിൽ ഉത്തരവ് വന്നശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നുമാണ് ചെയർമാന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ബൈജുവിനോട് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞയാഴ്ചയും ചോദ്യംചെയ്യലിന് ഹാജരാകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. ചെയർമാൻ ഹാജരാകില്ലെന്ന വിവരം എസ്.ഐ.ടി ഹൈക്കോടതിയെ അറിയിക്കും.

പരീക്ഷാക്രമക്കേടിൽ നേരത്തേ അറസ്റ്റിലായ പി.എസ്.സി അഡീഷനൽ സെക്രട്ടറി ആർ. ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവർക്കൊപ്പം ഇരുത്തി ബൈജുവിനെ ചോദ്യംചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. പരീക്ഷാക്രമക്കേടിനെക്കുറിച്ച് അറിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ചെയർമാൻ തയ്യാറായില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് സ്വീകരിച്ചിരുന്നതെന്നും പി.എസ്.സി അംഗങ്ങൾ മൊഴി നൽകിയിരുന്നു.

കൂടുതൽ ചോദ്യംചെയ്യലിന് ശേഷമായിരിക്കും ചെയർമാനെ കേസിൽ പ്രതിചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് എസ്.ഐ.ടി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജിയിലെ ഉത്തരവ് കാത്തിരിക്കുകയാണ് ചെയർമാൻ.

You may also like