തിരുവനന്തപുരം: വീടിന്റെ ആധാരം തട്ടിയെടുത്തെന്ന പരാതിക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് വയോധികൻ. കാട്ടായിക്കോണം സ്വദേശി സുബ്രഹ്മണ്യനാണ് ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. സമീപത്തുകൂടി പോവുകയായിരുന്ന സ്ത്രീയുടെ സമയോചിതമായ ഇടപെടലും പൊലീസിന്റെ ഇടപെടലുമാണ് ദുരന്തം ഒഴിവാക്കിയത്.
വീടിന്റെ ആധാരം ഉൾപ്പെടെ അയൽവാസിയായ സ്ത്രീ തട്ടിയെടുത്തെന്നാണ് സുബ്രഹ്മണ്യന്റെ ആരോപണം. ആധാരം കൈക്കലാക്കിയ ശേഷം ബാങ്കിൽ പണയംവച്ച് പണം വായ്പയെടുത്തെന്നും തുക തിരിച്ചടയ്ക്കാൻ തയ്യാറാകുന്നില്ലെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ വിതരണം ചെയ്ത നോട്ടിസിൽ 12 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും വീടിന്റെ ആധാരം കഴക്കൂട്ടം സഹകരണ ബാങ്കിന്റെ കൈവശമാണെന്നും വ്യക്തമാക്കിയിരുന്നു.
ഒരു കന്നാസിൽ പെട്രോളുമായാണ് സുബ്രഹ്മണ്യൻ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. ശരീരത്തിൽ പെട്രോളൊഴിച്ച ശേഷം ലൈറ്റർ കത്തിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തുകൂടി പോയ സ്ത്രീ ഉടൻ ഇടപെട്ട് ശ്രമം തടയുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വയോധികന്റെ കൈയിൽനിന്ന് ലൈറ്റർ പിടിച്ചുവാങ്ങി. ഇതോടെ ആത്മഹത്യാശ്രമം തടയാനായി.
