കൊച്ചി: കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് മേഖലയിൽ ഡിപ്ലോമയുണ്ടോ? എങ്കിൽ കേരള ഹൈക്കോടതിക്ക് കീഴിലുള്ള ജില്ലാ കോടതികളിൽ ജോലി നേടാൻ അവസരം. സിസ്റ്റം അസിസ്റ്റന്റ് തസ്തികയിൽ 90 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. നവംബർ 20 മുതൽ ഡിസംബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ജുഡീഷ്യൽ ജില്ല തിരിച്ചുള്ള ഒഴിവുകൾ:
- തിരുവനന്തപുരം – 10
- കൊല്ലം – 8
- പത്തനംതിട്ട – 4
- ആലപ്പുഴ – 7
- കോട്ടയം – 7
- തൊടുപുഴ – 4
- എറണാകുളം – 12
- തൃശൂർ – 7
- പാലക്കാട് – 7
- മഞ്ചേരി – 5
- കോഴിക്കോട് – 8
- കൽപ്പറ്റ – 3
- തലശ്ശേരി – 6
- കാസർകോട് – 2
യോഗ്യതകൾ
സർക്കാർ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള മൂന്ന് വർഷത്തെ കമ്പ്യൂട്ടർ/ഇലക്ട്രോണിക്സ് ഡിപ്ലോമയോ അതിന് മുകളിലുള്ള യോഗ്യതയോ ഉണ്ടായിരിക്കണം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി.എസ്സി, ബി.സി.എ എന്നിവയോ ഉയർന്ന യോഗ്യതയോ നേടിയിരിക്കണം.
കമ്പ്യൂട്ടർ ഹാർഡ്വെയർ ട്രബിൾഷൂട്ടിങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കേരളത്തിലെ ഇ-കോട്സ് പദ്ധതിയിൽ പ്രവൃത്തിപരിചയമുള്ളവർക്കും ലിനക്സ് അധിഷ്ഠിത പ്ലാറ്റ്ഫോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.
ശമ്പളവും നിയമന കാലാവധിയും
പ്രതിമാസം 24,590 രൂപയാണ് ഏകീകൃത ശമ്പളം. തുടക്കത്തിൽ രണ്ട് വർഷത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം. പ്രവൃത്തിമികവ്, സ്ഥാപനത്തിന്റെ ആവശ്യകത, ഹൈക്കോടതിയുടെ ഉത്തരവ്, സർക്കാരിന്റെ അനുമതി എന്നിവ പരിഗണിച്ച് നിയമന കാലാവധി നീട്ടിയേക്കാം.
എങ്ങനെ അപേക്ഷിക്കാം?
കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ hckrecruitment.keralacourts.in വഴിയാണ് അപേക്ഷിക്കേണ്ടത്.
ആദ്യം പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് പ്രൊഫൈലിൽ ആവശ്യമായ വിവരങ്ങൾ നൽകി യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ നിർദേശിച്ച രീതിയിൽ അപ്ലോഡ് ചെയ്യണം. ഡാഷ്ബോർഡിലെ ‘Apply Now’ എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം.
അപേക്ഷാ തീയതികൾ:
- അപേക്ഷ ആരംഭിക്കുന്നത്: നവംബർ 20
- അവസാന തീയതി: ഡിസംബർ 14
- ആകെ ഒഴിവുകൾ: 90
- പ്രതിമാസ ശമ്പളം: ₹24,590
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
