തിരുവനന്തപുരം: ലോകഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന വമ്പൻ തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ പിടിമുറുക്കി അന്വേഷണസംഘം. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ വകുപ്പുകളാണ് മുൻ മന്ത്രിക്കെതിരെ ചുമത്താനൊരുങ്ങുന്നത്. ലോക് ഭവനിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ അബ്ദുറഹ്മാനെ ഉടൻ കേസിൽ പ്രതിചേർക്കാനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കടന്നു.
ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അനധികൃതമായി ആനുകൂല്യം കൈപ്പറ്റൽ, പൊതുസ്വത്തിന്റെ ദുരുപയോഗം എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ നാല് കടുത്ത വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. സ്പോൺസർഷിപ്പ് ഏറ്റെടുത്ത സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുക്കാൻ വി. അബ്ദുറഹ്മാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ.
മെസ്സിയുടെ സന്ദർശനത്തിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപകമായ പണപ്പിരിവ് നടന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പ് ഏറ്റെടുത്തതിന് പിന്നാലെ സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് പണപ്പിരിവ് നടത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ധനസമാഹരണത്തിനായി രഹസ്യ യോഗങ്ങൾ ചേർന്നതായും തെളിഞ്ഞിട്ടുണ്ട്. ഇതോടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കാൻ എസ്.ഐ.ടി തീരുമാനിച്ചു. പിരിച്ചെടുത്ത കോടികളുടെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
അർജന്റീന ടീമിനായി വിദേശത്തേക്ക് അയച്ച പണം ആരുടെ കൈകളിലേക്കാണ് എത്തിയതെന്ന കാര്യവും എസ്.ഐ.ടി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഈ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ (AFA) നിന്നും അന്വേഷണസംഘം ഔദ്യോഗികമായി വിവരങ്ങൾ തേടും. നിലവിൽ വി. അബ്ദുറഹ്മാനും സ്വകാര്യ മാധ്യമ സ്ഥാപനത്തിന്റെ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനും ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളും നിർണ്ണായക വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്നാണ് സൂചന.
