തൃശൂർ: രാജ്യത്തെ ഞെട്ടിക്കുന്ന വൻ ഭീകര-ക്വട്ടേഷൻ ഗൂഢാലോചനയുടെ ചുരുളഴിയുന്നു. ഒറ്റപ്പാലത്ത് പിടിയിലായ കുപ്രസിദ്ധ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ പ്രധാന കണ്ണി ഗുരുമൂർത്തി, യുഎസിൽ നിന്നെത്തിയ അഞ്ച് ഇസ്രയേൽ പൗരന്മാരെ വധിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. റിമാൻഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) ഇയാളെ വിശദമായി ചോദ്യം ചെയ്തു.
രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിൽ തന്ത്രപ്രധാനമായ പല മേഖലകളുടെയും ദൃശ്യങ്ങൾ പകർത്തി നൽകാൻ ഗുരുമൂർത്തിയെ ചുമതലപ്പെടുത്തിയിരുന്നു. മറ്റുള്ളവരെ ഉപയോഗിച്ച് ഇയാൾ ഈ ചിത്രങ്ങൾ എടുത്ത് കൈമാറുകയും ഇതിനായി വൻതുക പ്രതിഫലം കൈപ്പറ്റുകയും ചെയ്തു. ഇസ്രയേലി എംബസിയുടെ ചിത്രങ്ങൾ വരെ ഇയാൾ പകർത്തി നൽകിയതായി തെളിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെയാണ് അഞ്ച് ഇസ്രയേലി പൗരന്മാരെ വകവരുത്താനുള്ള ക്വട്ടേഷൻ ഇയാളെ തേടിയെത്തിയത്.
തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ ഗുരുമൂർത്തിയെ അന്വേഷണസംഘം സ്വദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് ഒപ്പം താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിയായ 37-കാരി മൊഴി നൽകിയിട്ടുണ്ട്.
അനാഥാലയത്തിൽ നിന്നും അധോലോകത്തേക്ക് എത്തിയ നാടകീയമായ പശ്ചാത്തലമാണ് ഗുരുമൂർത്തിയുടേത്. മാതാപിതാക്കളുടെ മരണശേഷം അനാഥാലയത്തിൽ വളർന്ന ഇയാൾ, അവിടുത്തെ വൈദികന്റെ മരണത്തോടെ നാടുവിടുകയായിരുന്നു. തുടർന്ന് മുംബൈയിലെത്തി കടയിൽ ജോലി നോക്കുകയും സ്വന്തമായി സ്ഥാപനം തുടങ്ങുകയും ചെയ്തു. എന്നാൽ ബിസിനസ്സ് തകർന്നതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തും പിന്നീട് ഒറ്റപ്പാലത്തും താവളമുറപ്പിച്ച ഇയാൾ, ഇവിടെയിരുന്നാണ് അന്താരാഷ്ട്ര ബന്ധങ്ങളുള്ള ക്വട്ടേഷൻ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പുകളും അറസ്റ്റുകളും ഉണ്ടാകുമെന്നാണ് സൂചന.
