വെള്ളനാട്: ഇരു വൃക്കകളും തകരാറിലായ മകന്റെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകാൻ അമ്മ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം. വെള്ളനാട് ഉറിയാക്കോട് നാട്ടുപാറ ബഥേൽ ഹൗസിൽ പരേതനായ ഡി. ഡേവിഡിന്റെയും ജി.ആർ. ബിനുജയുടെയും മകൻ സാമുവൽ ഡേവിഡിനാണ് (18) സുമനസ്സുകളുടെ സഹായം ആവശ്യം.
പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ സാമുവലിന് തുടർപഠനം നടത്തണമെന്ന ആഗ്രഹമുണ്ടെങ്കിലും രോഗം അതിന് തടസ്സമായി. 16 വർഷമായി വൃക്കരോഗത്തിന് ചികിത്സയിലാണ്. രണ്ടു വയസ്സുവരെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന സാമുവലിന്റെ ജീവിതം പിന്നീട് രോഗം കവർന്നെടുക്കുകയായിരുന്നു. തുടക്കത്തിൽ എസ്.എ.ടി ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മേസ്തിരിപ്പണിക്കാരനായിരുന്ന പിതാവ് ഡേവിഡിന്റെ തുച്ഛമായ വരുമാനത്തിലായിരുന്നു മകന്റെ ചികിത്സ. എന്നാൽ ഒരു വർഷം മുമ്പ് ഡേവിഡും രോഗബാധിതനായി മരിച്ചു. ഇതോടെ കുടുംബത്തിന്റെ ഏക വരുമാനമാർഗവും നിലച്ചു. മറ്റ് ജോലികളൊന്നുമില്ലാത്ത അമ്മ ബിനുജയ്ക്ക് മകന്റെ ചികിത്സയും വീട്ടുചെലവുകളും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. പ്രദേശവാസികളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ഇപ്പോൾ മരുന്നും മറ്റ് ആവശ്യങ്ങളും നിറവേറ്റുന്നത്.
പിതാവിന്റെ മരണശേഷം സാമുവലിന്റെ ആരോഗ്യനില കൂടുതൽ വഷളായി. ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തണം. ഇതിനായി ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നുകൾ വാങ്ങുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് സാമുവലിന്റെ ജീവൻ നിലനിർത്താനുള്ള ഏക മാർഗമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
മകന്റെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകാൻ അമ്മ ബിനുജ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി വലിയ തുക ആവശ്യമാണ്. അടിയന്തരമായി പണം കണ്ടെത്തിയാൽ മാത്രമേ ശസ്ത്രക്രിയ നടത്താനാകൂ. സഹായം അഭ്യർഥിച്ച് ബിനുജയുടെ പേരിൽ കാനറ ബാങ്കിന്റെ വെള്ളനാട് ശാഖയിൽ സിംഗിൾ അക്കൗണ്ട് തുറന്നിട്ടുണ്ട്.
