ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഒരു സുവർണ്ണ അധ്യായത്തിന് ഔദ്യോഗിക പരിസമാപ്തി. ആരാധകരുടെ പ്രിയപ്പെട്ട ‘തല’ മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിൽ നിന്ന് പൂർണ്ണമായി വിരമിച്ചു. കളിക്കളത്തോട് വിടപറയുന്ന ധോണി, അടുത്ത സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘മെന്റർ’ എന്ന പുതിയ സുപ്രധാന ചുമതലയിലേക്ക് മാറും. 2008-ൽ ഐപിഎൽ ആരംഭിച്ചത് മുതൽ ഒരു കളിക്കാരനും ഫ്രാഞ്ചൈസിയും തമ്മിലുണ്ടായിരുന്ന ഏറ്റവും സുദീർഘവും വൈകാരികവുമായ ബന്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്.
2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെ 2008-ൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ താരമാണ് ധോണി. അന്നത് ഒരു പരീക്ഷണമായിട്ടാണ് പലരും കണ്ടതെങ്കിലും, പിന്നീട് അഞ്ച് ഐപിഎൽ കിരീടങ്ങളും ലോകത്തിലെ ഏറ്റവും വലിയ കായിക ബ്രാൻഡുകളിൽ ഒന്നായും ചെന്നൈയെ വളർത്താൻ ധോണിക്ക് സാധിച്ചു. 2010, 2011, 2018, 2021, 2023 വർഷങ്ങളിൽ ചെന്നൈയെ ചാമ്പ്യന്മാരാക്കിയ ധോണി, ടീമിനെ 10 ഐപിഎൽ ഫൈനലുകളിലേക്കാണ് നയിച്ചത്.
2016, 2017 വർഷങ്ങളിൽ ചെന്നൈയ്ക്ക് വിലക്ക് നേരിട്ടപ്പോൾ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനായി കളിച്ച ധോണി, 2018-ൽ മഞ്ഞക്കുപ്പായത്തിലേക്ക് നടത്തിയ തിരിച്ചുവരവ് ക്രിക്കറ്റ് ചരിത്രത്തിലെ ഏവരും ഓർക്കുന്ന ഒന്നാണ്. തിരിച്ചുവരവ് സീസണിൽ തന്നെ ടീമിനെ കിരീടമണിയിച്ച അദ്ദേഹം, 2023-ൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് അഞ്ചാം കിരീടവും സ്വന്തമാക്കി. അവസാന പന്തിൽ രവീന്ദ്ര ജഡേജ വിജയബൗണ്ടറി നേടിയപ്പോൾ ജഡേജയെ വാരിയെടുത്ത ധോണിയുടെ ആഘോഷം ആരാധകരുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്.
കരിയറിന്റെ അവസാന ഘട്ടത്തിൽ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ തകർത്തടിക്കുന്ന ‘ഫിനിഷർ’ റോളിലായിരുന്നു ധോണി തിളങ്ങിയിരുന്നത്. 2023-ൽ 182-ലധികം സ്ട്രൈക്ക് റേറ്റിൽ 104 റൺസും, 2024-ൽ 220.54 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിൽ 161 റൺസും അദ്ദേഹം അടിച്ചുകൂട്ടി. 2025 സീസണിൽ കൈമുട്ടിനേറ്റ പരിക്കുമൂലം ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായപ്പോൾ വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങളും 45-ാം വയസ്സിലെ ശാരീരിക വെല്ലുവിളികളും കാരണം 2026 സീസണിൽ ഒരു മത്സരത്തിൽ പോലും താരത്തിന് കളിക്കാനായില്ല. ഇതോടെയാണ് ഓരോ സീസണിന് മുമ്പും ധോണി കളിക്കുമോ എന്നതിനെച്ചൊല്ലിയുള്ള എല്ലാ അനിശ്ചിതത്വങ്ങൾക്കും വിരാമമായിരിക്കുന്നത്.
ഐപിഎല്ലിലെ ധോണിയുടെ കണക്കുകൾ
ആകെ 278 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 38.30 ശരാശരിയിലും 137.45 സ്ട്രൈക്ക് റേറ്റിലും 5,439 റൺസാണ് ധോണി നേടിയത്. ഇതിൽ 24 അർദ്ധസെഞ്ച്വറികളും 264 സിക്സറുകളും 375 ഫോറുകളും ഉൾപ്പെടുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനായി മാത്രം 272 മത്സരങ്ങളിൽ നിന്ന് 5,314 റൺസ് നേടിയ ധോണി, ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും രണ്ടാമത്തെ വലിയ റൺവേട്ടക്കാരനുമായാണ് കളിക്കളത്തോട് വിടപറയുന്നത്.
‘ധോണിയില്ലാതെ സിഎസ്കെയെക്കുറിച്ച് ചിന്തിക്കാനാവില്ല’: എൻ. ശ്രീനിവാസൻ
ധോണിയുടെ വിരമിക്കലിന് പിന്നാലെ വികാരനിർഭരമായ പ്രതികരണമാണ് സിഎസ്കെ ഉടമ എൻ. ശ്രീനിവാസൻ നടത്തിയത്. എം.എസ്. ധോണിയില്ലാതെ സിഎസ്കെയെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി വിജയങ്ങളിലും തിരിച്ചടികളിലും ഞങ്ങൾ ഒരുമിച്ച് നടന്നു. പരസ്പരമുള്ള അചഞ്ചലമായ വിശ്വാസമാണ് ഈ ബന്ധത്തെ ഇത്രത്തോളം ശക്തമാക്കിയത്. 2008-ൽ ധോണി സിഎസ്കെയുടെ ഭാഗമാകണമെന്ന് ഞാൻ നിർബന്ധം പിടിച്ചിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. ധോണി എന്നും ഞങ്ങളുടെ സ്വത്വത്തിന്‍റെ ഭാഗമായിരിക്കും. ഇതായിരിക്കും എന്നും അദ്ദേഹത്തിന്‍റെ വീട്- ശ്രീനിവാസൻ പറഞ്ഞു.
യുവതാരങ്ങൾക്ക് വഴികാട്ടിയാകാൻ ധോണി
ടീം പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് ധോണിയുടെ സാന്നിധ്യം അമൂല്യമാണെന്ന് സിഎസ്കെ ഉടമ രൂപ ഗുരുനാഥ് വ്യക്തമാക്കി. ധോണിയെപ്പോലൊരു താരം ഒരു തലമുറയിൽ ഒരിക്കൽ മാത്രമേ ഉണ്ടാകു. കളിക്കളത്തിനകത്തും പുറത്തും അദ്ദേഹം ഞങ്ങൾക്ക് നൽകിയ സംഭാവനകൾ വലുതാണ്. ടീമിൽ നിരവധി യുവതാരങ്ങളുള്ള ഈ ഘട്ടത്തിൽ മെന്‍റർ എന്ന നിലയിലുള്ള ധോണിയുടെ അനുഭവസമ്പത്ത് സിഎസ്കെയുടെ അടുത്ത തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്നും രൂപ ഗുരുനാഥ് പറഞ്ഞു.
ധോണി ചെന്നൈ നഗരത്തെ ഹൃദയത്തോട് ചേർത്തുവെച്ചതുപോലെ ചെന്നൈയും അദ്ദേഹത്തെ സ്വന്തമായി ഏറ്റെടുത്തുവെന്ന് സിഎസ്കെ മാനേജിംഗ് ഡയറക്ടർ കാശി വിശ്വനാഥൻ അനുസ്മരിച്ചു. മഞ്ഞക്കുപ്പായത്തിൽ അദ്ദേഹത്തെ ഇനി കളിക്കളത്തിൽ കാണാനാകില്ല എന്നത് വലിയ നഷ്ടമാണെങ്കിലും, ടീമിനെ നയിക്കാൻ അദ്ദേഹം ഒപ്പമുണ്ടെന്നത് സന്തോഷം നൽകുന്നു. നേടിയ കിരീടങ്ങൾക്കൊപ്പം തന്നെ അവ നേടിയെടുത്ത രീതിയും എന്നും ഓർമ്മിക്കപ്പെടുമെന്ന് കാശി വിശ്വനാഥൻ കൂട്ടിച്ചേർത്തു.
