Home Internationalവിമാനത്തിലെ ഒരൊറ്റ ഭക്ഷണം വില്ലനായി; ജീവനക്കാരന് ഗുരുതര അലർജി, ലുഫ്താൻസ വിമാനം അടിയന്തരമായി ഇറക്കി

വിമാനത്തിലെ ഒരൊറ്റ ഭക്ഷണം വില്ലനായി; ജീവനക്കാരന് ഗുരുതര അലർജി, ലുഫ്താൻസ വിമാനം അടിയന്തരമായി ഇറക്കി

by news_desk1
0 comments

ഫ്രാങ്ക്ഫർട്ട്: വിമാനയാത്രയ്ക്കിടെ ജീവനക്കാരന് ഗുരുതര അലർജി ബാധിച്ചതിനെ തുടർന്ന് ലുഫ്താൻസ വിമാനം അടിയന്തരമായി നിലത്തിറക്കി. എള്ള് അടങ്ങിയ ഭക്ഷണം അറിയാതെ കഴിച്ചതാണ് ജീവനക്കാരന്റെ ആരോഗ്യനില ഗുരുതരമാക്കിയത്. ഇസ്രയേലിലെ ടെൽ അവീവിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് സർവീസ് നടത്തിയ എൽഎച്ച് 687 നമ്പർ എയർബസ് എ321 വിമാനമാണ് സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ അടിയന്തരമായി ഇറക്കിയത്.

എള്ളിനോട് അതീവ അലർജിയുള്ള ജീവനക്കാരൻ അറിയാതെ എള്ള് അടങ്ങിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശ്വാസതടസ്സവും കുഴഞ്ഞുവീഴ്ചയും ഉൾപ്പെടെയുള്ള ഗുരുതര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. അടിയന്തര പ്രതിരോധത്തിനായി എപ്പിപെൻ നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി ഡോക്ടർ ഇടപെട്ടു. മെഡിക്കൽ എമർജൻസി കിറ്റിലുണ്ടായിരുന്ന ജീവൻരക്ഷാ മരുന്നുകൾ നൽകിയതോടെ ജീവനക്കാരന്റെ നില താൽക്കാലികമായി നിയന്ത്രണത്തിലായി. ഇതിനിടെ പൈലറ്റുമാർ വിമാനം ബെൽഗ്രേഡിലേക്ക് തിരിച്ചുവിട്ടു.

വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതിനു പിന്നാലെ റൺവേയിൽ കാത്തുനിന്ന ആംബുലൻസ് സംഘം ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. നിർണായക സമയത്ത് ഇടപെട്ട ഡോക്ടറോട് വിമാനക്കമ്പനിയും യാത്രക്കാരും നന്ദി അറിയിച്ചു.

ആരോഗ്യപ്രശ്നം നേരിട്ട ജീവനക്കാരനു പകരം പുതിയ ക്രൂ അംഗത്തെ ബെൽഗ്രേഡിലെത്തിക്കേണ്ടിവന്നു. കൂടാതെ ഇന്ധനം നിറയ്ക്കുന്നതിനായി വിയന്നയിലും പ്രത്യേകമായി നിർത്തി. ഇതോടെ വിമാനം മണിക്കൂറുകൾ വൈകിയാണ് ഫ്രാങ്ക്ഫർട്ടിലെത്തിയത്.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ലുഫ്താൻസ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

You may also like