കൊല്ലം: ബോളിവുഡ് ചിത്രം ‘രാമായണം’ ശ്രദ്ധനേടിയതോടെ സന്ദർശകരുടെ തിരക്കേറിയ ജടായുപ്പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ജടായുപ്പാറ സന്ദർശിക്കും. ശിൽപി രാജീവ് അഞ്ചലുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായും സുരേഷ് ഗോപി അറിയിച്ചു.
ഡൽഹി ബിനാലെയിൽ ജടായുവിന്റെ സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ടൂറിസം മന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ പ്രധാനമന്ത്രി കൊല്ലത്തെത്തുമെന്നാണ് സൂചന. എന്നാൽ ഇരുവരുടെയും സന്ദർശന തീയതികൾ തീരുമാനിച്ചിട്ടില്ല.
‘രാമായണം’ സിനിമ ശ്രദ്ധനേടിയതോടെ ജടായു എർത്ത് സെന്ററിലേക്ക് പ്രതിദിനം ശരാശരി 2,500 സന്ദർശകരാണ് എത്തുന്നത്. അടുത്തിടെ ഒരു ദിവസം സന്ദർശകരുടെ എണ്ണം 7,000 വരെയെത്തി. 2018ൽ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ജടായു ശിൽപം പൂർത്തിയാക്കിയത്. നിലവിൽ പ്രതിദിനം 7,000 മുതൽ 10,000 വരെ ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാനാകുക. റോപ്‌വേ വഴി പാറമുകളിലെത്താൻ 640 രൂപയും കാൽനടയായി കയറാൻ 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
