മലപ്പുറം: മുഖം വെളുപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന ക്രീമുകൾക്ക് പേരുകൾ പലതെങ്കിലും ഉള്ളടക്കം ഒന്നുതന്നെയാണോ? വിവാദമായ എഫ് ട്യൂൺ ഫെയർനെസ് ക്രീമിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഏറെക്കാലം ഇത്തരം ക്രീമുകൾ വിറ്റിരുന്ന കടയുടമ. എഫ് ട്യൂൺ മാത്രമല്ല, ഫൈസ, ഗോറി തുടങ്ങിയ പേരുകളിൽ വിൽക്കുന്ന ക്രീമുകളും ഒരേ ഉൽപ്പന്നമാണെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.
മുഖസൗന്ദര്യം വർധിപ്പിക്കാനും മുഖക്കുരുവും പാടുകളും മാറ്റാനും സഹായിക്കുമെന്ന അവകാശവാദത്തോടെയാണ് ഇത്തരം ക്രീമുകൾ വിൽക്കുന്നതെന്ന് ഇയാൾ പറയുന്നു. എഫ് ട്യൂൺ, ഗോറി തുടങ്ങിയ ക്രീമുകൾ ഇപ്പോഴും ഓൺലൈനിലും കടകളിലുമായി വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. നേരത്തെ 400 രൂപയായിരുന്ന ക്രീമുകൾക്ക് ഇപ്പോൾ 550 രൂപ വരെയാണ് ഈടാക്കുന്നത്.
ഉപയോഗം തുടങ്ങി ആദ്യഘട്ടത്തിൽ തന്നെ ഫലം ലഭിക്കുമെങ്കിലും പിന്നീട് വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും കടയുടമ മുന്നറിയിപ്പ് നൽകി. ഇത്തരം ക്രീമുകൾ കണ്ടെത്താൻ വിപണിയിലെ പരിശോധന ശക്തമാക്കണമെന്നും നിയമനടപടികൾ വേഗത്തിലാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
അമിത അളവിൽ മെർക്കുറി അടങ്ങിയ എഫ് ട്യൂൺ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്. മലപ്പുറത്തെ പെൺകുട്ടിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രമുഖ ഗായകനും സമാനമായ അനുഭവം പങ്കുവെച്ചിരുന്നു.
ജീവന് ഭീഷണിയാകാമെന്ന് അറിഞ്ഞിട്ടും അമിത അളവിൽ മെർക്കുറി അടങ്ങിയ ക്രീം വിപണിയിലെത്തിച്ചെന്ന പരാതിയിൽ നിർമാതാക്കൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ് ട്യൂൺ നിർമാതാക്കളെ പ്രതിചേർത്ത് അരീക്കോട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
സംസ്ഥാനതലത്തിൽ ക്രീമുകളുടെ വിൽപ്പനയും ഉള്ളടക്കവും പരിശോധിക്കാൻ സർക്കാരും ആരോഗ്യവകുപ്പും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സൗന്ദര്യം വർധിപ്പിക്കുമെന്ന വാഗ്ദാനത്തിന് പിന്നിൽ ഗുരുതര ആരോഗ്യഭീഷണിയുണ്ടെന്ന മുന്നറിയിപ്പാണ് പുതിയ വെളിപ്പെടുത്തൽ ഉയർത്തുന്നത്.
