Home Kerala“പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം”; സതീശന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമെന്ന് പിണറായി വിജയൻ

“പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം”; സതീശന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമെന്ന് പിണറായി വിജയൻ

by news_desk1
0 comments

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ‘പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ തുടങ്ങിയ പരാമർശങ്ങൾ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിണറായി വിജയൻ. പ്രസംഗം നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയും സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നതാണെന്നും പിണറായി പറഞ്ഞു. പൊലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേൽ രാഷ്ട്രീയ സമ്മർദം ചെലുത്തുന്നതിന് തുല്യമാണിത്. സംസ്ഥാനത്തിന്റെ മുഴുവൻ ഭരണാധികാരിയെന്ന ഉത്തരവാദിത്വം മറന്ന് അണികളെ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നത് സമാധാനാന്തരീക്ഷം തകർക്കാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നും പിണറായി മുന്നറിയിപ്പ് നൽകി. കണ്ണൂരിലെ പ്രസംഗത്തിന് രണ്ട് മന്ത്രിമാർ സാക്ഷികളായിരുന്നുവെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

You may also like